കൊച്ചി: സിംബാബ്വെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമാണെന്ന് സിംബാബ്വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി. കുറഞ്ഞ വിലയിലുള്ള പാദരക്ഷകള്‍, തുകല്‍ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അസംബ്ലിങ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, റെയില്‍വേ നവീകരണം. ഇലക്ട്രോണിക്സ്, ഇപിസി എന്നീ മേഖലകളില്‍ കേരളത്തിലെ കമ്പനികള്‍ക്കുള്ള മികച്ച വൈദഗ്ധ്യം സിംബാബ്വേയ്ക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സിംബാബ്വെ മന്ത്രി.
സിംബാബ്വെയുടെ നിര്‍മ്മാണ ശേഷിയുടെ പകുതിയോളം മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 9.2 ബില്യണ്‍ യു എസ് ഡോളറിന്റെ ഉത്ന്നങ്ങളാണ് നിലവില്‍ സിംബാബ്വെ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 587 ദശലക്ഷം യു എസ് ഡോളറിന്റെ ഇലക്ട്രോണിക് ഉത്ന്നങ്ങളും 12 ദശലക്ഷം യു എസ് ഡോളറിന്റെ പാദരക്ഷകളും ഉള്‍പ്പെടുന്നു. ഇത് പ്രാദേശിക ഉത്ാദനത്തിനും പ്രാദേശിക കയറ്റുമതിക്കും വലിയ സാധ്യതകള്‍ നല്‍കുന്നു.
എല്ലാ പദ്ധതികള്‍ക്കും സിഡയുടെ (വണ്‍ സ്റ്റോപ്പ് ഇന്‍വെസ്റ്റ്‌മെന്റ് സെന്റര്‍) ലൈസന്‍സ് പിന്തുണയുണ്ട്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏഴ് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ലൈസന്‍സുകള്‍ നല്‍കും. പ്രത്യേക സാമ്പത്തിക മേഖലകളില്‍ അഞ്ച് വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നികുതി 0 ശതമാനം ആണ്. കൂടാതെ മൂലധന ഉപകരണങ്ങള്‍ക്ക് തീരുവ രഹിത ഇറക്കുമതിയും സാധ്യമാണ്.
പിപിപി മോഡല്‍, ബ്ലെന്‍ഡഡ് ഫിനാന്‍സ് തുടങ്ങിയ രീതികളിലുള്ള നിക്ഷേപങ്ങള്‍ക്കും സിംബാബ്വെ തയ്യാറാണ്. നിക്ഷേപകര്‍ക്ക് നിയമപരമായ സംരക്ഷണം, ലാഭം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി തുടങ്ങിയ പ്രാദേശിക വ്യാപാര മുന്‍ഗണനകള്‍ എന്നിവ ലഭിക്കും.
2030-ഓടെ ഉയര്‍ന്ന- മധ്യ വരുമാനമുള്ള രാജ്യമായി മാറാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതിനായി വ്യവസായവത്ക്കരണം, പ്രകൃതി വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം, സുസ്ഥിര ഊര്‍ജ്ജം, ശക്തമായ നിക്ഷേപക പങ്കാളിത്തങ്ങളിലൂടെയുള്ള വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിംബാബ്വെ ട്രേഡ് കമ്മീഷണര്‍ ബൈജു എം കുമാര്‍, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേഷ് കുമാര്‍, യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണറും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ചുമതലയുമുള്ള രാഹുല്‍ സുരേഷ്, ടാന്‍സാനിയ ട്രേഡ് കമ്മീഷണര്‍ വിനായക് മേനോന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ സ്വാഗതവും സെക്രട്ടറി എം ഷജില്‍കുമാര്‍ നന്ദിയും പറഞ്ഞു.