ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അങ്ങനെ പറയാന്‍ അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് തരൂരിന്റെ പ്രതികരണം. ട്രംപിന്റെ പരാമര്‍ശം പിന്തുണച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രാഹല്‍ രംഗത്ത് എത്തിയത്. യുഎസ് പ്രസിഡന്റെ ഒരു വസ്തുത പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ ബാക്കിയെല്ലാവര്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിര്‍ജ്ജീവമായത് അറിയാമെന്നും ട്രംപ് ഇതുപോലുള്ള പരാമര്‍ശം നടത്തിയത് സ്വാഗതാര്‍ഹമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, അദാനിയെ സംരക്ഷിക്കാനാണ് ഇന്ത്യ സമ്പത്ത് ഇല്ലാതാക്കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം യുഎസുമായി സാമ്പത്തിക ബന്ധം നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഏകദേശം 90,00 കോടിയുടെ കയറ്റുമതി ബന്ധം അമേരിക്കയുമായി ഇന്ത്യയ്ക്കുണ്ട്. അത് നഷ്ടപ്പെടുത്താനോ കുറയ്ക്കാനോ നമ്മള്‍ക്ക് കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ന്യായമായ ഒരു കരാര്‍ ലഭിക്കുന്നതിനായി നടത്തുന്ന ചര്‍ച്ചയെ നാം പിന്തുണയ്ക്കണമെന്നും അത് നടത്തുന്നവരെ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി മറ്റു രാജ്യങ്ങളുമായി നമ്മള്‍ ചര്‍ച്ചകള്‍ നടത്തണം. യുഎസ് കാരണം നമ്മള്‍ക്ക് നഷ്ടപ്പെട്ടേക്കാവുന്ന കുറവ് നികത്താന്‍ കഴിയും. അതേസമയം 25 ശതമാനം നികുതി ഇന്ത്യയ്ക്കുമേല്‍ ചുമത്തിയതായി സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ മാസം ആദ്യം മുതല്‍ക്ക് ഇതു പ്രാബല്യത്തിലുണ്ട്. കൂടാതെ, റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തതിന് പിഴ ഈടാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
ട്രംപിന്റെ പ്രസ്താവനയോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നികുതി നയങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന് അഭിപ്രായപ്പെട്ടത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി. ട്രംപിന്റെ ഈ പരാമര്‍ശത്തെ അംഗീകരിച്ചുകൊണ്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ ട്രംപിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി. ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. ഉടന്‍ തന്നെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിര്‍ജ്ജീവമെന്ന ട്രംപിന്റെ പ്രസ്താവനയെ രാഹുല്‍ പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാകാമെന്ന് ശശി തരൂര്‍
