ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടികയില്‍ ബിഹാറില്‍ നിന്നുള്ള ആറര ലക്ഷം പേരെ അധികമായി ഉള്‍പ്പെടുത്താന്‍ നീക്കമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ നടപടിയാരംഭിച്ചതിനിടെയാണ് ആരോപണവുമായി പി ചിദംബരം രംഗത്തെത്തിയത്.
തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ക്ക്് അവര്‍ക്ക് ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പുതിയ നീക്കം അതിനെതിരാണെന്നും ചിദംബരം പറഞ്ഞു.
എന്നാല്‍ ആരോപണം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് ചിദംബരത്തിന്റെ ആരോപണമെന്നു കമ്മിഷന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടികയില്‍ ബിഹാറിലേതുപോലുള്ള പ്രത്യേക തീവ്ര പുനഃപരിശോധന ആരംഭിച്ചിട്ടില്ല. ബിഹാറിലെയും തമിഴ്‌നാട്ടിലെയും വോട്ടര്‍ പട്ടിക പരിഷ്‌കരണം ബന്ധിപ്പിക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞു.
കുടിയേറ്റത്തൊഴിലാളികള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കുടിയേറിയെന്നു മുദ്രകുത്തി ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കില്ലെന്നു ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍, ബിഹാറില്‍ നിന്നുള്ള ഒരാള്‍ തൊഴില്‍ ആവശ്യത്തിനായി ചെന്നൈയിലെത്തി ദീര്‍ഘകാലമായി അവിടെ താമസിക്കുകയാണെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് തടസമില്ലെന്നു കമ്മിഷന്‍ പറഞ്ഞു. കുടിയേറ്റത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഭരണകക്ഷിയായ ഡി എം കെയും പ്രാദേശിക പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമാണിതെന്ന് ഡി എം കെ ആരോപിക്കുന്നു.