ഗാസ: ഞായറാഴ്ച ഗാസയില്‍ ഭക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിക്കുകയും ചെയ്തുവെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഇസ്രായേല്‍ മന്ത്രി ജറുസലേമിലെ ഏറ്റവും സെന്‍സിറ്റീവ് പുണ്യസ്ഥലമായ അല്‍ അസ്ഖ സന്ദര്‍ശിച്ചതിനെതിരെ പ്രാദേശിക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ദാരുണമായ സംഭവം.
യുഎസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന വിതരണ സ്ഥലത്ത് നിന്ന് ഭക്ഷ്യസഹായം വാങ്ങാന്‍ ശ്രമിച്ച വിശക്കുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണില്‍ കാണുന്നവരെയൊക്കെ സൈന്യം വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു.
'വെടിയുണ്ടകള്‍ കാരണം എനിക്ക് നിര്‍ത്താനും സഹായിക്കാനും കഴിഞ്ഞില്ല,' ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തപ്പോള്‍ നിലത്ത് ചോരയൊലിക്കുന്ന മൂന്ന് പേരെങ്കിലും കണ്ട യൂസഫ് അബേദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
വിശക്കുന്നവരെ ലക്ഷ്യമിട്ടുള്ള മാരകമായ വെടിവയ്പ്പുകളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ഞായറാഴ്ചത്തെ കൊലപാതകങ്ങള്‍. മെയ് 27 മുതല്‍ സഹായം തേടുന്നതിനിടെയുണ്ടായ വെടിവയ്പുകളിലും ആക്രമണങ്ങളിലും കുറഞ്ഞത് 1,400 പേര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും ജിഎച്ച്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപമാണ് കൊല്ലപ്പെട്ടത്, മറ്റുള്ളവര്‍ സഹായ വാഹനവ്യൂഹങ്ങളുടെ വഴികളിലാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കുരുമുളക് സ്‌പ്രേ അല്ലെങ്കില്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കല്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ജിഎച്ച്എഫ് പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ വെടിവയ്പിലും ആക്രമണത്തിലും സഹായം തേടുന്നവര്‍ ഉള്‍പ്പെടെ 119 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു, .
ഞായറാഴ്ച ഇസ്രായേല്‍ സൈന്യം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള തങ്ങളുടെ ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു. ഒരു ജീവനക്കാരന്‍ എടുത്ത വീഡിയോയില്‍ ആസ്ഥാനം തീപിടിച്ചതായി കാണിച്ചു. കെട്ടിടത്തിന്റെ ഭൂരിഭാഗവും തീ നശിപ്പിച്ചു.
കുടിയിറക്കപ്പെട്ട ആളുകള്‍ അഭയം തേടിയിരുന്ന ഖാന്‍ യൂനിസിലെ ഒരു സ്‌കൂളില്‍ ഉണ്ടായ മറ്റൊരു ഇസ്രായേലി ആക്രമണത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രായേല്‍ തുടര്‍ച്ചയായി തടയുന്നതുമൂലമാണ് പട്ടിണി വര്‍ധിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ സഹായ നടപടികള്‍ കഴിഞ്ഞയാഴ്ച വിപുലീകരിക്കുകയാണുണ്ടായതെന്ന് ഇസ്രായേല്‍ പറഞ്ഞു.
ഗാസയില്‍ ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കുനേരെ വീണ്ടും വെടിവയ്പ്; 27 പേര്‍കൊല്ലപ്പെട്ടു ; 6 പേര്‍ പട്ടിണി മൂലം മരിച്ചു
