ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ബോട്ട് യെമന്‍ തീരത്ത് മുങ്ങി 68 പേര്‍മരിച്ചു; 74 പേരെ കാണാതായി

ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ ബോട്ട് യെമന്‍ തീരത്ത് മുങ്ങി 68 പേര്‍മരിച്ചു; 74 പേരെ കാണാതായി


സന:  ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട്  യെമന്‍ തീരത്ത് മറിഞ്ഞ് 68 പേര്‍ മരിച്ചു. 74 പേരെ കാണാതായി. അപകടത്തില്‍പ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 9 പേര്‍ ഇത്യോപ്യന്‍ പൗരന്മാരും ഒരാള്‍ യെമന്‍ പൗരനുമാണ്.
നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
154 കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ യെമന്‍ പ്രവിശ്യയായ അബ്യാനില്‍ നിന്ന് ഏദന്‍ ഉള്‍ക്കടലില്‍ മുങ്ങിയതായി യെമനിലെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) മേധാവി അബ്ദുസത്തര്‍ എസോയേവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആഫ്രിക്കന്‍ മുനമ്പിനും യെമനിനും ഇടയിലുള്ള കടല്‍ പാതയുടെ അപകടങ്ങളെക്കുറിച്ച് ഐഒഎം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് അപകടം. ഇത്യോപ്യയില്‍ നിന്നും സൊമാലിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ പ്രധാനമായും ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ എത്താനുള്ള പ്രതീക്ഷയോടെ പതിവായി ഇതുവഴി യാത്ര നടത്താറുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതകളില്‍ ഒന്നാണിത്. 2024 ല്‍ യെമനിലേക്ക് കടക്കാന്‍ അറുപതിനായിരത്തിലധികം കുടിയേറ്റക്കാര്‍ ഈ വഴി തിരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2023 ല്‍ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 97,200 ആണ്.