ഇസ്ലാമാബാദ്: സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജ്ജം സ്വന്തമാക്കാനുള്ള ഇറാന്റെ അവകാശത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്തുണച്ചു. ഈ സുപ്രധാന വിഷയത്തില്‍ ഇസ്ലാമാബാദ് ടെഹ്റാനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനുമായി വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഇസ്രായേലിന്റെ അന്യായമായ ആക്രമണത്തെ അപലപിക്കുകയും ഇറാനില്‍ രക്തസാക്ഷികളായവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തതായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ആണവ സമ്പുഷ്ടീകരണ പദ്ധതിക്കെതിരെ ഇറാന്‍ അന്താരാഷ്ട്ര എതിര്‍പ്പ് നേരിടുന്ന സമയത്താണ് പാകിസ്ഥാന്റെ പിന്തുണ.
ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനിലെ ഒന്നിലധികം ആണവ കേന്ദ്രങ്ങളില്‍ അമേരിക്കയും ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ ഷെരീഫ് അപലപിച്ചു.
ജൂണ്‍ 13-ന് ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ഷെരീഫ് അപലപിച്ചു. ഇസ്രായേല്‍ യാതൊരു കാരണവുമില്ലാതെയാണ് ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടതെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ മാത്രമല്ല 240 ദശലക്ഷം പാകിസ്ഥാന്‍ ജനതയും ഇതിനെ ശക്തമായി അപലപിക്കുന്നതായും ഇസ്രായേലിന് യുദ്ധത്തിനുള്ള കാരണമൊന്നുമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി ഷെഹ്ബാസിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തിനിടെ ഇറാനിയന്‍ ജനറല്‍മാര്‍, ശാസ്ത്രജ്ഞര്‍, സാധാരണക്കാര്‍ എന്നിവരുടെ രക്തസാക്ഷിത്വത്തില്‍ പ്രധാനമന്ത്രി ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.
സിവില്‍ ആണവോര്‍ജ്ജവും ആണവ ബോംബും നിര്‍മ്മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ പൊതുവെ സമാനമാണ്. കൂടാതെ സിവില്‍ ആണവോര്‍ജ്ജത്തിന് 3.67 ശതമാനം വരെ സമ്പുഷ്ടമാക്കിയ യുറേനിയം മതിയാകും. അതേസമയം ഒരു ആണവായുധത്തിന് 90 ശതമാനം പരിശുദ്ധി അളവ് ആവശ്യമാണ്. എന്നിരുന്നാലും, ഇറാന്റെ കാര്യത്തിലെന്നപോലെ, പരിശുദ്ധി അളവ് 60 ശതമാനത്തില്‍ എത്തിക്കഴിഞ്ഞാല്‍ 90 ശതമാനം നേടുകയെന്നത് ബുദ്ധിമുട്ടുള്ളതല്ല.
ഇറാനുമായി ആണവ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അവസാനം നിശ്ചയിക്കാന്‍ യു എസും സഖ്യകക്ഷികളായ ഫ്രാന്‍സ്, ജര്‍മ്മനി, യു കെ എന്നിവ സമ്മതിച്ചതിനുശേഷം ടെഹ്റാന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി തുറന്ന ചര്‍ച്ചകള്‍ നടത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ പരിശോധന പുന:രാരംഭിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വിശ്വസിക്കുന്ന ഒരു നീക്കമാണിത്.
2015ലെ കരാറിനെ നിയന്ത്രിക്കുന്ന പ്രമേയം കാലഹരണപ്പെടുന്ന ഒക്ടോബര്‍ 18ലെ സമയപരിധിയും അടുക്കുകയാണ്. 'സ്‌നാപ്പ്ബാക്ക്' സംവിധാനം കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും ആരംഭിച്ചില്ലെങ്കില്‍ ഇറാനുമേലുള്ള എല്ലാ യു എന്‍ ഉപരോധങ്ങളും പിന്‍വലിക്കപ്പെടും. ഇത് ഹൈഡ്രോകാര്‍ബണുകള്‍ മുതല്‍ ബാങ്കിംഗ്, പ്രതിരോധം വരെയുള്ള മേഖലകളെ ലക്ഷ്യം വച്ചുള്ള എല്ലാ ഉപരോധങ്ങളും യാന്ത്രികമായി വീണ്ടും ഏര്‍പ്പെടുത്തും.
പാകിസ്ഥാനും ഇറാനും 10 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നത്. ഇറാനുമായി നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതായും ഇവ വളരെ വേഗം കരാറുകളുടെ രൂപത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്താന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇറാനിയന്‍ പ്രസിഡന്റ് പെഷേഷ്‌കിയാന്‍ പാകിസ്ഥാനെ തന്റെ 'രണ്ടാം വീട്' എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഇസ്ലാമാബാദ് നല്‍കിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു.
അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.