പാരസെറ്റമോള്‍ അടക്കം 35 അവശ്യമരുന്നുകളുടെ വില കേന്ദ്രം വെട്ടിക്കുറച്ചു

പാരസെറ്റമോള്‍ അടക്കം 35 അവശ്യമരുന്നുകളുടെ വില കേന്ദ്രം വെട്ടിക്കുറച്ചു


ന്യൂഡല്‍ഹി : 35 അവശ്യമരുന്നുകളുടെ വില കേന്ദ്രം വെട്ടിക്കുറച്ചു. രോഗികള്‍ക്ക് മരുന്നുകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് അവശ്യമരുന്നുകളുടെ നിരക്ക് കുറച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വില്‍ക്കുന്ന 35 അവശ്യ മരുന്നുകളുടെ ചില്ലറ വില്‍പ്പന വില കുറച്ചത്.

ആന്റി ഇന്‍ഫ്‌ലമേറ്ററി, കാര്‍ഡിയോവാസ്‌കുലാര്‍, ആന്റി ബയോട്ടിക്, ആന്റിഡയബറ്റിക്, സൈക്യാട്രിക് മരുന്നുകള്‍ എന്നിവയുള്‍പ്പെടെ വിവിധതരം മരുന്നുകളുടെ വിലയാണ് കുറച്ചത്. എന്‍പിപിഎയുടെ വില നിയന്ത്രണത്തെ അടിസ്ഥാനമാക്കിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എല്ലാ മരുന്നുകളിലും ബാധകമായ വിലക്കുറവുകള്‍, ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആശ്വാസമാകുന്ന രീതിയിലാണ് വിലയില്‍ കുറവ് വരുത്തിയത്.

വില നിയന്ത്രണ ഉത്തരവില്‍ ഉള്‍പ്പെടുന്ന പ്രധാന ഫോര്‍മുലേഷനുകളില്‍ അസെക്ലോഫെനാക്, പാരസെറ്റമോള്‍, ട്രിപ്‌സിന്‍ ചൈമോട്രിപ്‌സിന്‍, അമോക്‌സിസിലിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ് എന്നിവയുടെ ഫിക്‌സഡ്‌ഡോസ് കോമ്പിനേഷനുകളും എംപാഗ്ലിഫ്‌ലോസിന്‍, സിറ്റാഗ്ലിപ്റ്റിന്‍, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങിയ പുതിയ ഓറല്‍ ആന്റിഡയബറ്റിക് കോമ്പിനേഷനുകളും ഉള്‍പ്പെടുന്നു.

റെഡ്ഡീസ് ലബോറട്ടറീസ് വിപണനം ചെയ്യുന്ന ഒരു അസെക്ലോഫെനാക്പാരസെറ്റമോള്‍ട്രിപ്‌സിന്‍ ചൈമോട്രിപ്‌സിന്‍ ടാബ്‌ലെറ്റിന്റെ വില ഇപ്പോള്‍ 13 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണനം ചെയ്യുന്ന അതേ ഫോര്‍മുലേഷന്റെ വില ഇപ്പോള്‍ 15.01 രൂപയായി.

അതുപോലെ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന അറ്റോര്‍വാസ്റ്റാറ്റിന്‍ 40 മില്ലിഗ്രാമും ക്ലോപ്പിഡോഗ്രല്‍ 75 മില്ലിഗ്രാമും അടങ്ങിയ ഒരു ടാബ്‌ലെറ്റിന്റെ വില 25.61 രൂപയുമാണ്. കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഓറല്‍ സസ്‌പെന്‍ഷനുകളായ സെഫിക്‌സിം, പാരസെറ്റമോള്‍ കോമ്പിനേഷനുകള്‍  വിറ്റാമിന്‍ ഡി സപ്ലിമെന്റേഷനായി ഉപയോഗിക്കുന്ന കോളെകാല്‍സിഫെറോള്‍ ഡ്രോപ്പുകള്‍, ഡൈക്ലോഫെനാക് ഇന്‍ജക്ഷന്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.

ഈ മരുന്നുകളുടെ ഒരു മില്ലിക്ക് 31.77 രൂപ വിലയുണ്ട്. ചില്ലറ വ്യാപാരികളും ഡീലര്‍മാരും ഈ പുതുക്കിയ വില പട്ടികകള്‍ അവരുടെ ഏജന്‍സികളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. വിജ്ഞാപനം ചെയ്ത വിലകള്‍ പാലിക്കാത്ത പക്ഷം 19551ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3ലെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഡിപിസിഒ ഉത്തരവ് പ്രകാരം പിഴ ചുമത്തിയേക്കാം. അമിതമായി ഈടാക്കിയ തുക പലിശ സഹിതം ഈടാക്കുന്നതുള്‍പ്പെടെ ഡിപിസിഒയുടെ കീഴില്‍ വരും.

കൂടാതെ നിശ്ചയിച്ച വിലകള്‍ ജിഎസ്ടി ഒഴിച്ചുള്ളതാണെന്നും എന്‍പിപിഎ വ്യക്തമാക്കി. നിര്‍മാതാക്കള്‍ എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കേണ്ടതുണ്ട്. കൂടാതെ ഇന്റഗ്രേറ്റഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം വഴി ഫോം ഢല്‍ പുതുക്കിയ വില പട്ടികകള്‍ നല്‍കുകയും വിവരങ്ങള്‍ എന്‍പിപിഎയ്ക്കും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും സമര്‍പ്പിക്കുകയും വേണം. നിര്‍ദ്ദിഷ്ട ഫോര്‍മുലേഷനുകള്‍ക്കും നിര്‍മാതാക്കള്‍ക്കുമായി നേരത്തെ പുറപ്പെടുവിച്ച ഏതെങ്കിലും വില ഉത്തരവുകള്‍ ഉണ്ടെങ്കില്‍ ഈ ഏറ്റവും പുതിയ വിജ്ഞാപനം വരുമ്പോഴേക്കും ഇവ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.