ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സ് വിജയം. 374 വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ആതിഥേയര്‍ 367 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. അവസാന ദിവസം ഇംഗ്ലണ്ടിനു ജയിക്കാന്‍ 35 റണ്‍സും ഇന്ത്യയ്ക്ക് നാല് വിക്കറ്റുമായിരുന്നു ആവശ്യമായിരുന്നത്.
പരുക്കേറ്റ ക്രിസ് വോക്‌സിനെ സ്‌ട്രൈക്കില്‍ കൊണ്ടുവരാതെ മറുവശത്തുനിന്ന് നാലു വിക്കറ്റും പിഴുത് ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടെങ്കിലും മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകളാണ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തത്. സിറാജ് ആദ്യ ഇന്നിങ്‌സിലെ നാല് വിക്കറ്റ് ഉള്‍പ്പെടെ ഒമ്പത് വിക്കറ്റുമായി പ്ലെയര്‍ ഒഫ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിദ്ധ് കൃഷ്ണ നാലുവിക്കറ്റുകള്‍ നേടി. രണ്ട് ഇന്നിംഗ്‌സുകളിലുമായി പ്രസിദ്ധ് എട്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ഈ ജയത്തോടെ പ്രഥമ ആന്‍ഡേഴ്‌സണ്‍- ടെന്‍ഡുല്‍ക്കര്‍ ട്രോഫി പരമ്പര സമനിലയിലായി. ഇംഗ്ലണ്ട് ആദ്യത്തെയും നാലാമത്തെയും മത്സരം ജയിച്ചപ്പോള്‍ ഇന്ത്യ രണ്ടാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിലാണ് ജയം വരിച്ചത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഇന്ത്യ ജയിച്ച രണ്ട് മത്സരങ്ങളിലും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ കളിച്ചിരുന്നില്ല. ഇരു മത്സരങ്ങളിലും സിറാജ് മികച്ച പ്രകടനം നടത്തുകയും ചെയ്തു. പരമ്പരയിലെ വിക്കറ്റ് വേട്ടയിലും സിറാജാണ് മുമ്പില്‍.