ഓസ്റ്റിന്‍: പക്ഷപാതപരമായ മണ്ഡല പുനര്‍നിർണയ പദ്ധതി പാസാക്കുന്നത് തടയാന്‍ സംസ്ഥാനം വിട്ടുപോയ ഡസന്‍ കണക്കിന് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ടെക്‌സസ് റിപ്പബ്ലിക്കന്‍മാര്‍ വോട്ട് ചെയ്തു.
ഹാജരാകാത്ത ഡെമോക്രാറ്റുകള്‍ക്കെതിരെ കൈക്കൂലി കുറ്റം ചുമത്തുമെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 85 പേര്‍ അനുകൂലമായും 6 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 8 മണ്ഡലങ്ങള്‍ നിയമഭേദഗതിയിലൂടെ പുനക്രമീകരിക്കാനുള്ള ടെക്‌സസ് റിപപ്പബ്ലിക്കന്മാരുടെ നീക്കം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഡെമോക്രാറ്റ് അംഗങ്ങള്‍ സഭയിലെത്താതെ വിട്ടുനില്‍ക്കുന്നത്.
വോട്ടെടുപ്പിന് ശേഷം, 'ടെക്‌സന്‍സുകാരോടുള്ള കടമ ഉപേക്ഷിച്ച ഏതൊരു അംഗത്തെയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഹൗസ് ചേംബറില്‍ തിരികെ കൊണ്ടുവരാനും' ഗവര്‍ണര്‍ സംസ്ഥാന സൈനികര്‍ക്ക് ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ച റിപ്പബ്ലിക്കന്‍മാര്‍ പുറത്തിറക്കിയ നിര്‍ദ്ദിഷ്ട കോണ്‍ഗ്രസ് ഭൂപടം, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടിക്ക് നിലവില്‍ നേരിയ ഭൂരിപക്ഷമുള്ള വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ റിപ്പബ്ലിക്കന്‍ ചായ്‌വുള്ള അഞ്ച് സീറ്റുകള്‍ കൂടി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
നിയമ ഭേതഗതി പാസാകണമെങ്കില്‍ ടെക്‌സസിലെ 150 അംഗ സംസ്ഥാന നിയമസഭയുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വോട്ടെടുപ്പുമായി മുന്നോട്ട് പോകാന്‍ ഹാജരാകണം. 50ലധികം ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ സംസ്ഥാനം വിട്ടുപോയതിനെത്തുടര്‍ന്ന് ഇതുവരെ ആവസ്യമായ ക്വാറം പൂര്‍ത്തിയാക്കാത്തതാണ് റിപ്പബ്ലിക്കനാര്‍ക്ക് തലവേദനയായത്. .
ഡെമോക്രാറ്റുകള്‍ക്കായി 'സിവില്‍ അറസ്റ്റ് വാറണ്ടുകളില്‍ ഒപ്പുവെച്ചതായി' തിങ്കളാഴ്ച ചേംബറില്‍ നടന്ന വോട്ടെടുപ്പിന് ശേഷം ടെക്‌സസ് ഹൗസ് സ്പീക്കര്‍ ഡസ്റ്റിന്‍ ബറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മിക്ക ഡെമോക്രാറ്റുകളും ഇല്ലിനോയിയിലേക്കാണ് പലായനം ചെയ്തിട്ടുള്ളത്. അബോട്ടിന്റെ അറസ്റ്റ് ഭീഷണികള്‍ നേരിടുന്ന ടെക്‌സസിലെ ഡെമോക്രാറ്റ് അംഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന്് ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രത്യേക നിയമസഭാ സമ്മേളനം അവസാനിക്കുന്നതുവരെ രണ്ടാഴ്ചത്തേക്ക് ടെക്‌സസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡെമോക്രാറ്റുകള്‍ പറഞ്ഞു.
വാറണ്ടുകള്‍ സംസ്ഥാന പരിധിക്കുള്ളില്‍ മാത്രമേ ബാധകമാകൂ എന്നതിനാല്‍, തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് മിക്കവാറും പ്രതീകാത്മകമായിരുന്നുവെന്ന് ടെക്‌സസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാജരാകാത്ത നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്ത് ഓസ്റ്റിനിലെ സ്‌റ്റേറ്റ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ എത്തിക്കാന്‍ ചേംബറിന്റെ നിയമ നിര്‍വഹണ ഉദ്യോഗസ്ഥരെ ഈ നീക്കം ചുമതലപ്പെടുത്തുന്നു.
വാറണ്ടിന്റെ ഫലമായി അവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റ് ഭീഷണി 'ഭയപ്പെടുത്തല്‍ തന്ത്രമല്ലാതെ മറ്റൊന്നുമല്ല' എന്ന് ടെക്‌സസ് ഡെമോക്രാറ്റിക് നിയമസഭാംഗം റോണ്‍ റെയ്‌നോള്‍ഡ്‌സ് തിങ്കളാഴ്ച ഷിക്കാഗോയില്‍ നിന്നുള്ള ബിബിസി ന്യൂസിനോട് പറഞ്ഞു.
വോട്ട് ചെയ്യാന്‍ വിസമ്മതിക്കുന്ന നിയമനിര്‍മ്മാതാക്കള്‍ക്കെതിരെ രണ്ടാം ഡിഗ്രി കുറ്റകൃത്യങ്ങള്‍ ചുമത്തുമെന്ന് ഗവര്‍ണര്‍ ആബട്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
