ഒട്ടാവ : ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലെ കനനാസ്‌കിസില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഊര്‍ജ്ജ സുരക്ഷ, സാങ്കേതികവിദ്യ, എഐ, ഊര്‍ജ്ജ ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളില്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സ്ഥിതി തുടങ്ങി ലോകം നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ വികസിത സമ്പദ്‌വ്യവസ്ഥകളായ ഫ്രാന്‍സ്, യുഎസ്, യുകെ, ജര്‍മനി, ജപ്പാന്‍, ഇറ്റലി, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7). ജൂണ്‍ 16, 17 തീയതികളിലായാണ് ജി7 ഉച്ചകോടി നടക്കുന്നത്. ജി7 ഉച്ചകോടിയിലെ പ്രധാനമന്ത്രി മോഡിയുടെ തുടര്‍ച്ചയായ ആറാമത്തെ സന്ദര്‍ശനമാണിത്.
ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജി7 ഉച്ചകോടിയിലെ അംഗങ്ങള്‍ വര്‍ഷം തോറും യോഗം ചേരാറുണ്ട്. ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണങ്ങളെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളും യുഎസ് പ്രസിഡന്റ് ഡോണാഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ മൂലമുണ്ടായ വ്യാപാര യുദ്ധവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തവണ ജി7 ഉച്ചകോടി നടക്കുന്നത്.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ വിശദീകരിക്കാന്‍ മോഡി ഉഭയകക്ഷി യോഗങ്ങള്‍ നടത്തും.
കാനഡയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നിര്‍ണായക നീക്കങ്ങല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍, നിജ്ജാര്‍ കേസുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഒട്ടാവ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ തങ്ങളുടെ ഹൈക്കമ്മിഷണറെയും മറ്റ് അഞ്ച് നയതന്ത്രജ്ഞരെയും തിരിച്ചുവിളിച്ചിരുന്നു. തുല്യഎണ്ണം കനേഡിയന്‍ നയതന്ത്രജ്ഞരെയും ഇന്ത്യ പുറത്താക്കി.
ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ക്ക് കനേഡിയന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ അനുവദിച്ചതായി ഇന്ത്യ ആരോപണം ഉയര്‍ത്തി. ട്രൂഡോ പ്രധാനമന്ത്രിപദത്തില്‍ നിന്ന് പുറത്തുപോയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ പുതുമുഖവുമായ മാര്‍ക്ക് കാര്‍ണി ചുമതലയേറ്റു.
ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് വഷളായ ബന്ധം പുനഃസ്ഥാപിക്കാന്‍ എതിര്‍പ്പുകള്‍ അവഗണിച്ച് കാര്‍ണി മോഡിയെ ക്ഷണിച്ചിരുന്നു. ത്രിരാഷ്ട്ര പര്യടനത്തിലായിരുന്ന മോഡി, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ക്ഷണപ്രകാരം തിങ്കളാഴ്ച വൈകുന്നേരം സൈപ്രസില്‍ എത്തി. പുതിയ ഹൈക്കമ്മിഷണര്‍മാരെ നിയമിക്കാനുള്ള സാധ്യത ഇരുപക്ഷവും പരിശോധിച്ചുവരികയാണ്.
ജി7 ഉച്ചകോടി; പ്രധാനമന്ത്രി മോഡി കാനഡയില്‍, മാര്‍ക്ക് കാര്‍ണിയുമായി നിര്‍ണായക ചര്‍ച്ച.
