ഒട്ടാവ: കാനഡയുടെ ഐക്യത്തിന് പുതിയ വെല്ലുവിളിയായി വേര്‍പെടണമോയെന്ന കാര്യത്തില്‍ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ ജനഹിതപരിശോധന നടത്തുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യത്തെ സംബന്ധിച്ച ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായാണ് ഇതിനെ വിലയിരുത്തുന്നത്.
സ്വാതന്ത്ര്യത്തിനായുള്ള പൗരപ്രക്ഷോഭ ഹര്‍ജിക്ക് മൂന്ന് ലക്ഷത്തിലധികം ഒപ്പുകള്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. അതേസമയം, കാനഡയോടൊപ്പം തുടരണമെന്ന ആവശ്യമുന്നയിച്ച മറ്റൊരു ഹര്‍ജിക്ക് നാല് ലക്ഷത്തിലധികം പേരുടെ പിന്തുണ ലഭിച്ചിരുന്നു.
എണ്ണ സമ്പന്നമായ ആല്‍ബര്‍ട്ടയെ ഒട്ടാവയിലെ കേന്ദ്രനേതൃത്വം അവഗണിക്കുകയാണെന്ന വികാരമാണ് സ്വാതന്ത്ര്യവാദ പ്രസ്ഥാനത്തിന് ശക്തി പകരുന്നത്. എന്നാല്‍, ഭൂരിഭാഗം ജനങ്ങളും കാനഡയില്‍നിന്ന് വേര്‍പെടുന്നതിനെ എതിര്‍ക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 19നാണ് ജനഹിതപരിശോധന നടത്തുക. ആല്‍ബര്‍ട്ട കാനഡയുടെ ഭാഗമായി തുടരണമോ അല്ലെങ്കില്‍ കാനഡയില്‍നിന്ന് വേര്‍പെടുന്നതിനെക്കുറിച്ചുള്ള നിര്‍ബന്ധിത ജനഹിതപരിശോധനയ്ക്ക് ആവശ്യമായ നിയമനടപടികള്‍ ആരംഭിക്കണമോ എന്ന ചോദ്യമായിരിക്കും ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയെന്ന് സ്മിത്ത് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
താന്‍ വ്യക്തിപരമായി കാനഡയോടൊപ്പം തുടരാനാണ് വോട്ട് ചെയ്യുകയെന്നും സ്മിത്ത് വ്യക്തമാക്കി. അതുതന്നെയാണ് തന്റെ സര്‍ക്കാരിന്റെ നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ഹര്‍ജി തദ്ദേശീയ ഫസ്റ്റ് നേഷന്‍സ് വിഭാഗങ്ങളുമായി മതിയായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന കാരണത്താല്‍ കോടതി തള്ളിയതില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും സ്മിത്ത് പറഞ്ഞു. ഇതോടെ ഹര്‍ജിയിലെ ഒപ്പുകളുടെ പരിശോധന തടസപ്പെട്ടിരിക്കുകയാണ്.
ഒരു ജഡ്ജിയുടെ നിയമപരമായ തീരുമാനത്തിലൂടെ ലക്ഷക്കണക്കിന് ആല്‍ബര്‍ട്ടക്കാരുടെ ശബ്ദം മൂടാന്‍ അനുവദിക്കില്ലെന്നും ആല്‍ബര്‍ട്ടയുടെ ഭാവി തീരുമാനിക്കുന്നത് ജനങ്ങളായിരിക്കും, കോടതികളല്ലെന്നും സ്മിത്ത് പറഞ്ഞു.
ജനഹിതപരിശോധനാ ചോദ്യത്തെ സ്മിത്ത് തന്ത്രപരമായി ദുര്‍ബലമാക്കിയെന്നാണ്
സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന അഭിഭാഷകന്‍ ജെഫ്രി റാത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്.
മുമ്പും കാനഡയുടെ ഐക്യം പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ക്യുബെക്ക് രണ്ട് തവണ സ്വാതന്ത്ര്യത്തിനായി വോട്ടെടുപ്പ് നടത്തിയെങ്കിലും രണ്ടിലും പരാജയപ്പെട്ടു. 1995ലെ വോട്ടെടുപ്പില്‍ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് 'നോ' പക്ഷം ജയിച്ചത്.
അതിന് പിന്നാലെയാണ് കാനഡ ക്ലാരിറ്റി ആക്ട് പാസാക്കിയത്. ഈ നിയമപ്രകാരം വ്യക്തമായ ചോദ്യവും വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചാല്‍ മാത്രമേ വേര്‍പിരിയല്‍ നടപടികള്‍ മുന്നോട്ട് പോകാനാകൂ. അതിനുശേഷം ഫെഡറല്‍ സര്‍ക്കാരുമായി ദീര്‍ഘവും സങ്കീര്‍ണവുമായ ചര്‍ച്ചകള്‍ നടത്തേണ്ടിവരും.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെ തന്നെ ആല്‍ബര്‍ട്ടയുടെ വേര്‍പിരിയല്‍ നീക്കം ക്ലാരിറ്റി ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എണ്ണ- വാതക മേഖലകളെ ബാധിക്കുന്ന കാലാവസ്ഥാ നിയമങ്ങള്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍ ആല്‍ബര്‍ട്ടയുടെ താത്പര്യങ്ങള്‍ അവഗണിക്കുകയാണെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാണ്. പ്രകൃതി വിഭവങ്ങളില്‍നിന്ന് ലഭിക്കുന്ന സമ്പത്തില്‍ ആല്‍ബര്‍ട്ട രാജ്യത്തിന് നല്‍കുന്നത് കൂടുതലാണെന്നും തിരിച്ചുകിട്ടുന്നത് കുറവാണെന്നും പലരും ആരോപിക്കുന്നു.
അതേസമയം, ആല്‍ബര്‍ട്ടയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ്. പസഫിക് തീരത്തേക്കുള്ള എണ്ണ പൈപ്പ്ലൈന്‍ പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി കാര്‍ണിയും സ്മിത്തും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം തന്നെ പുതിയ എണ്ണ പൈപ്പ്ലൈന്‍ നിര്‍മാണം ആരംഭിക്കാമെന്ന പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.
ആല്‍ബര്‍ട്ടക്കാരുടെയും എല്ലാ കാനഡക്കാരുടെയും താത്പര്യം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലാണെന്ന് കേന്ദ്ര ആഭ്യന്തര വ്യാപാരമന്ത്രി ഡൊമിനിക്ക് ലെബ്ലാങ്ക് പ്രതികരിച്ചു.
ഫെഡറല്‍ കണ്‍സര്‍വേറ്റീവ് നേതാവും ആല്‍ബര്‍ട്ട സ്വദേശിയുമായ പിയര്‍ പൊളിവര്‍ ഐക്യകാനഡയ്ക്കുവേണ്ടി എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
