തായ്വാന്‍ പ്രസിഡന്റുമായി സംസാരിക്കുമെന്ന് ട്രംപ്; ആയുധവില്‍പന വിഷയത്തില്‍ ചൈന- അമേരിക്ക സംഘര്‍ഷം ശക്തമാകുന്നു

തായ്വാന്‍ പ്രസിഡന്റുമായി സംസാരിക്കുമെന്ന് ട്രംപ്; ആയുധവില്‍പന വിഷയത്തില്‍ ചൈന- അമേരിക്ക സംഘര്‍ഷം ശക്തമാകുന്നു


വാഷിങ്ടണ്‍: തായ്വാനിലേക്ക് ആയുധവില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തായ്വാന്‍ പ്രസിഡന്റ് ലായ് ചിങ് ടെയുമായി നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. 1979ല്‍ അമേരിക്ക തായ്വാനുമായുള്ള ഔദ്യോഗിക നയതന്ത്രബന്ധം അവസാനിപ്പിച്ച് ബീജിംഗിനെ ചൈനയുടെ ഔദ്യോഗിക സര്‍ക്കാരായി അംഗീകരിച്ചതിന് ശേഷം അമേരിക്കന്‍- തായ്വാന്‍ നേതാക്കള്‍ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം അപൂര്‍വമായിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ബീജിംഗില്‍ നടന്ന നിര്‍ണായക ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. തായ്വാനിലേക്കുള്ള ആയുധപാക്കേജിനെക്കുറിച്ച് ഇരുവരും വിശദമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

താന്‍ അദ്ദേഹവുമായി സംസാരിക്കുമെന്നും എല്ലാവരോടും സംസാരിക്കുന്ന ആളാണ് താനെന്നും സാഹചര്യം പൂര്‍ണ നിയന്ത്രണത്തിലുണ്ടെന്നുമാണ്  ട്രംപ് പറഞ്ഞത്.

ഉച്ചകോടിക്കിടെ തായ്വാന്‍ വിഷയം ചൈന പ്രധാന അജന്‍ഡയായി ഉയര്‍ത്തിക്കാട്ടി. ചൈന- അമേരിക്ക ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് തായ്വാന്‍ എന്നാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

അതേസമയം, അമേരിക്കയുടെ 14 ബില്യണ്‍ ഡോളറിന്റെ ആയുധവില്‍പന കരാര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി അമേരിക്കന്‍ നേവി ആക്ടിംഗ് സെക്രട്ടറി ഹങ് കാവോ സെനറ്റ് സമിതിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇറാനുമായുള്ള യുദ്ധസാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആയുധശേഖരം കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, ആയുധവില്‍പന കരാര്‍ ശക്തമായ ചര്‍ച്ചാ ആയുധം ആണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തായ്വാനിലേക്കുള്ള പ്രതിരോധ ആയുധസഹായം ഉറപ്പുനല്‍കുന്ന തായ്‌വാന്‍ റിലേഷന്‍സ് ആക്ട് ലംഘിക്കുന്നതാണ് കരാര്‍ തടഞ്ഞുവയ്ക്കുന്നതെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ തായ്വാന്‍ അനുകൂലികളുടെ ആശങ്ക.

2016ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അന്നത്തെ തായ്വാന്‍ പ്രസിഡന്റ് സായ് ഇംങ് വെന്നിന്റെ അഭിനന്ദന ഫോണ്‍കോള്‍ ട്രംപ് സ്വീകരിച്ചിരുന്നത് ബീജിംഗിനെ പ്രകോപിപ്പിച്ചിരുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ആയുധവില്‍പന വിഷയത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുക്കുന്നത് വരെ അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ എല്‍ബ്രിഡ്ജ് കോള്‍ബിയുടെ ചൈനാ സന്ദര്‍ശനം ബീജിംഗ് തടഞ്ഞുവച്ചിരിക്കുകയാണ്.

ട്രംപ്- ഷി കൂടിക്കാഴ്ചയ്ക്കിടെ തായ്വാന്‍ പരമാധികാരമുള്ള സ്വതന്ത്ര ജനാധിപത്യ രാജ്യം ആണെന്നും തായ്വാന്‍ കടലിടുക്കിലെ സമാധാനം വിലപേശലിന് ഉപയോഗിക്കില്ലെന്നും ട്രംപ് പ്രസ്താവിച്ചു. ഇതിന് മറുപടിയായി തായ്വാനിലെ വിമത ശക്തികള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.