നേറ്റോയുടെ നിലപാടില്‍ ട്രംപിന് നിരാശ; അത് പരിഹരിക്കേണ്ടിവരുമെന്ന് റൂബിയോ

നേറ്റോയുടെ നിലപാടില്‍ ട്രംപിന് നിരാശ; അത് പരിഹരിക്കേണ്ടിവരുമെന്ന് റൂബിയോ


ഹെല്‍സിംഗ്‌ബോര്‍ഗ്: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേറ്റോ സഖ്യകക്ഷികളുടെ പിന്തുണയില്ലായ്മയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിരാശനാണെന്നും അത് പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു.

സ്വീഡനിലെ ഹെല്‍സിംഗ്‌ബോര്‍ഗില്‍ നടന്ന നേറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ അമേരിക്കന്‍ സൈനിക നടപടികളോടുള്ള ചില നേറ്റോ സഖ്യകക്ഷികളുടെ പ്രതികരണത്തില്‍ പ്രസിഡന്റിന്റെ നിരാശ വ്യക്തമാണെന്നും അത് പരിഹരിക്കേണ്ട വിഷയമാണെന്നും റൂബിയോ പറഞ്ഞു.

അങ്കാറയില്‍ നടക്കാനിരിക്കുന്ന നേറ്റോ ഉച്ചകോടി സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതൃയോഗങ്ങളിലൊന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, പോളണ്ടിലേക്ക് അയ്യായിരം അധിക അമേരിക്കന്‍ സൈനികരെ അയക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജര്‍മനിയില്‍നിന്ന് അയ്യായിരം സൈനികരെ പിന്‍വലിക്കുമെന്ന മുന്‍നിലപാടില്‍നിന്നുള്ള അപ്രതീക്ഷിത മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നേറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടേയും പോളണ്ട് വിദേശകാര്യമന്ത്രിയും ഈ നീക്കത്തെ സ്വാഗതം ചെയ്‌തെങ്കിലും അമേരിക്ക സഖ്യകക്ഷികളുമായി വേണ്ടത്ര ഏകോപനം നടത്തിയില്ലെന്ന ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായി.

ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും സാഹചര്യം മനസിലാക്കി മുന്നോട്ടുപോകുന്നത് എളുപ്പമല്ലെന്നും സ്വീഡന്‍ വിദേശകാര്യമന്ത്രി മറിയ മല്‍മര്‍ സ്‌റ്റെനര്‍ഗാര്‍ഡ് പറഞ്ഞു.

യൂറോപ്പിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ക്രമേണ കുറയുമെന്നത് പ്രതീക്ഷിച്ചിരുന്ന കാര്യമാണെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ അമേരിക്ക മറ്റ് ഭീഷണികളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും നിരവധി നേറ്റോ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

അമേരിക്ക സാന്നിധ്യം കുറയ്ക്കുമ്പോള്‍ യൂറോപ്പിന് സ്വന്തം പ്രതിരോധ ശേഷി ഉയര്‍ത്താന്‍ കഴിയണമെന്ന് നോര്‍വേ വിദേശകാര്യമന്ത്രി എസ്പന്‍ ബര്‍ത്ത് എയ്‌ഡെ പറഞ്ഞു.

അതേസമയം, യൂറോപ്പിലെ സൈനിക വിന്യാസത്തില്‍ അമേരിക്ക നടത്തുന്ന മാറ്റങ്ങള്‍ സഖ്യകക്ഷികളെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടതല്ലെന്ന് റൂബിയോ വ്യക്തമാക്കി.

അമേരിക്കയ്ക്ക് ആഗോളതലത്തില്‍ നിരവധി പ്രതിബദ്ധതകളുണ്ടെന്നും അതനുസരിച്ച് സൈനിക വിന്യാസം എവിടെ വേണമെന്ന് നിരന്തരം പുനഃപരിശോധിക്കേണ്ടിവരുമെന്നും ഇത് ശിക്ഷാനടപടിയല്ല പതിവ് പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.