ന്യൂഡൽഹി: കുറച്ചുദിവസത്തിനുള്ളിൽ ജെൻസി, നവ മാദ്ധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കേയ്ക്ക് വധഭീഷണി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകളും പ്രചാരണവും അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയിൽവച്ച് കൊല്ലപ്പെടുമെന്നുള്ള ഭീഷണി സന്ദേശങ്ങൾ ദീപ്കേയാണ് പുറത്തുവിട്ടത്. അക്കൗണ്ടുകൾ പൂട്ടി നീക്കങ്ങൾ അവസാനിപ്പിച്ചാൽ പകരം പണം നൽകാമെന്നും ബി.ജെ.പിയിൽ ചേരണമെന്നും സന്ദേശങ്ങളിൽ പറയുന്നു.
ഇതോടെ, ദീപ്കേയുടെ മാതാപിതാക്കൾ ആശങ്ക അറിയിച്ച് രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ മകന് എന്തെങ്കിലും സംഭവിക്കുമോയെന്നോ നിയമക്കുരുക്കിൽ അകപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ഉണ്ടാകാമെന്ന് മുംബൈ ഛത്രപതി ശിവജി നഗർ സ്വദേശികളായ മാതാപിതാക്കൾ ഭഗവാൻ ദീപ്കേയും അനിത ദീപ്കേയും പറയുന്നു.
എന്നാൽ, കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിലുള്ള അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇക്കാര്യത്തിൽ നിരവധി വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ഇടപെടലുകൾ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സ് അക്കൗണ്ട് വിലക്കിയത്. കൂടുതൽ പരിശോധനകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പിയും നിലപാടെടുത്തിരിക്കുന്നത്.
എക്സിലെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെങ്കിലും പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കിയതിന് പിന്നാലെ പഴയതിലും കൂടുതലായുള്ള പിന്തുണയാണ് കോക്രോച്ച് ജനതാ പാർട്ടിക്ക് നിലവിൽ സമൂഹ മാദ്ധ്യമങ്ങളിലും വാർത്താ മാദ്ധ്യമങ്ങളിലും ലഭിക്കുന്നത്. വിവിധ വിഷയങ്ങൾ ഉന്നയിച്ചുള്ള കേന്ദ്ര സർക്കാരിനെതിരേയുള്ള നീക്കങ്ങൾക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവരിൽ നിന്ന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.
'അക്കൗണ്ട് പൂട്ടി ബി.ജെ.പിയിൽ ചേരണം'; കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകന് വധഭീഷണി, ആശങ്കയുമായി രക്ഷിതാക്കൾ
