അമേരിക്ക- ഇറാന്‍ ധാരണ ഉടന്‍; 'അന്തിമ കരാര്‍ കരട്' പുറത്ത് വന്നതായി റിപ്പോര്‍ട്ട്

അമേരിക്ക- ഇറാന്‍ ധാരണ ഉടന്‍; 'അന്തിമ കരാര്‍ കരട്' പുറത്ത് വന്നതായി റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ നിര്‍ണായക മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അന്തിമ കരട് തയ്യാറായതായും ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അറബിയ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് കരട് കരാറില്‍ എല്ലാ മേഖലകളിലും ഉടന്‍ സമഗ്രവും നിബന്ധനകളില്ലാത്തതുമായ വെടിനിര്‍ത്തല്‍ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര- വ്യോമ- നാവിക മേഖലകളിലെ എല്ലാ സൈനിക നീക്കങ്ങളും നിര്‍ത്തലാക്കുന്നതിനൊപ്പം സൈനിക, സിവിലിയന്‍, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടില്ലെന്ന പരസ്പര ഉറപ്പും കരാറിലുണ്ട്.

ഇരുരാജ്യങ്ങളും പരസ്പര പരമാധികാരം, ഭൂപരിധി, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന പ്രതിബദ്ധത എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അറേബ്യന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ നാവിഗേഷന്‍ സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന വ്യവസ്ഥകളുണ്ട്.

കരാര്‍ നടപ്പാക്കുന്നതിന് സംയുക്ത നിരീക്ഷണ സംവിധാനവും തര്‍ക്കപരിഹാര സംവിധാനവും രൂപീകരിക്കുമെന്നും കരട് വ്യവസ്ഥകളില്‍ പറയുന്നു. കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ഏഴ് ദിവസത്തിനകം ബാക്കിയുള്ള വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാറിന്റെ ഭാഗമായി ഇറാന്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിന് അനുസൃതമായി അമേരിക്കന്‍ ഉപരോധങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും യുനൈറ്റഡ് നേഷന്‍സ് ചാര്‍ട്ടറിലെ വ്യവസ്ഥകളും പാലിക്കുമെന്ന ഉറപ്പും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഷിങ്ടണും തെഹ്റാനും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, പാകിസ്താന്‍ ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്വി തെഹ്റാന്‍ സന്ദര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഘച്ചിയുമായി  ചര്‍ച്ച നടത്തി. കരാര്‍ പ്രഖ്യാപനത്തിന് മുന്നോടിയായി പാകിസ്താന്‍ സൈനിക മേധാവി അസീം മുനീര്‍ ഇറാന്‍ സന്ദര്‍ശിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്റെ ആണവ ശേഷി പൂര്‍ണമായും നിര്‍വീര്യമാക്കണമെന്ന നിലപാട് ആവര്‍ത്തിച്ചപ്പോള്‍ യൂറേനിയം സമ്പുഷ്ടീകരണം തുടരാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

ഇറാനെ യുറേനിയം കൈവശം വയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയിയി സമ്പുഷ്ടീകരിച്ച യൂറേനിയം രാജ്യത്തിന് പുറത്തേക്ക് അയക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ശത്രുരാജ്യങ്ങളുടെ പ്രചാരണം മാത്രമാണെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.