പോളണ്ടിലേക്ക് അയ്യായിരം യു എസ് സൈനികരെ അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നേറ്റോ മേധാവി

പോളണ്ടിലേക്ക് അയ്യായിരം യു എസ് സൈനികരെ അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നേറ്റോ മേധാവി


ബ്രസല്‍സ്: പോളണ്ടിലേക്ക് അയ്യായിരം അമേരിക്കന്‍ സൈനികരെ വിന്യസിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നേറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ. അതേസമയം, അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്ന നീക്കം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വീഡനിലെ ഹെല്‍സിംഗ്‌ബോര്‍ഗില്‍ നടന്ന നേറ്റോ യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റുട്ടെ. കൂടുതല്‍ ശക്തമായ നേറ്റോയും കൂടുതല്‍ സ്വയംപര്യാപ്തമായ യൂറോപ്പും രൂപപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഒരേയൊരു സഖ്യകക്ഷിയെ മാത്രം ആശ്രയിക്കുന്ന സാഹചര്യം ക്രമേണ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ പ്രതിരോധ സംവിധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളണ്ടിലേക്കുള്ള അമേരിക്കന്‍ സൈനിക വിന്യാസത്തെ സ്വാഗതം ചെയ്ത റുട്ടെ ഇതുസംബന്ധിച്ച അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേറ്റോയുടെ സൈനിക നേതൃത്വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.