ഓട്ടവ : സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്റാരിയോയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഐപ്രോ റിയല്‍റ്റി അടച്ചുപൂട്ടി. കാനഡയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രധാന സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്ന ഐപ്രോ റിയല്‍റ്റി അടച്ചുപൂട്ടിയതോടെ 2400 ഏജന്റുമാര്‍ക്കാണ് ജോലി നഷ്ടമായത്.
ഐപ്രോ റിയല്‍റ്റി ഇടപാടുകളില്‍ വലിയ തോതില്‍ സാമ്പത്തിക ക്രമക്കേടുകളും നിയമ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ റിയല്‍ എസ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഒന്റാരിയോ (RECO) ഉത്തരവിട്ടത്. പ്രവിശ്യയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെയും ബ്രോക്കറേജുകളെയും നിയന്ത്രിക്കുന്ന സ്ഥാപനമാണ് RECO.
ഗ്രേറ്റര്‍ ടൊറന്റോ മേഖലയിലും തെക്കന്‍ ഒന്റാരിയോയിലുമായി 17 ശാഖകളാണ് ഐപ്രോ റിയല്‍റ്റി ലിമിറ്റഡിന് ഉണ്ടായിരുന്നത്. ടൊറന്റോ, മിസ്സിസാഗ, ഓറഞ്ച്‌വില്‍, ജോര്‍ജ്ടൗണ്‍, മില്‍ട്ടണ്‍, നോര്‍ത്ത് യോര്‍ക്ക്, ബ്രാഡ്‌ഫോര്‍ഡ്, ബേയ്‌സ്‌വില്‍, ബര്‍ലിംഗ്ടണ്‍, വുഡ്ബ്രിഡ്ജ്, സ്‌കാര്‍ബ്രോ, ബ്രാംപ്ടണ്‍, ബ്രാന്റ്‌ഫോര്‍ഡ്, പിക്കറിങ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് അടച്ചത്.
ഐപ്രോയിലെ ട്രസ്റ്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് 10 മില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടതായി ഓഗസ്റ്റ് 14 ന് RECO പരസ്യമായി പ്രഖ്യാപിച്ചതിനുശേഷം തുടര്‍ പരിശോധനകളില്‍ നഷ്ടപ്പെട്ട തുക വര്‍ദ്ധിച്ചുവെന്നാണ് സൂചന.
ഈ നടപടി ഐപ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഏജന്റുമാര്‍, ബ്രോക്കറേജുകള്‍, ഉപഭോക്താക്കള്‍ എന്നിവരെ ബാധിച്ചേക്കുമെന്ന് RECO അറിയിച്ചു. കമ്മീഷന്‍ കുടിശ്ശികയുള്ള ഏജന്റുമാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഫയല്‍ ചെയ്യണമെന്നും RECO നിര്‍ദ്ദേശിച്ചു.
10 മില്യന്റെ സാമ്പത്തിക തിരിമറി കണ്ടെത്തി; ഐപ്രോ റിയല്‍റ്റി അടച്ചുപൂട്ടിയതോടെ 2400 ഏജന്റുമാര്‍ക്ക് ജോലി നഷ്ടപ്പെട്ടു
