വാഷിംഗ്ടന്‍: അധിക താരിഫ് വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യം ഇന്ത്യയാണ് എന്നാണ് ട്രംപിന്റെ വാദം. ഇതുമൂലം യുഎസ് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 'ഇന്ത്യ ഞങ്ങളില്‍ നിന്നു വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതല്‍ വ്യാപാരം നടത്താതിരുന്നത്'-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ഇന്ത്യ യുഎസുമായി നല്ല രീതിയില്‍ വ്യാപാരം നടത്തിയിരുന്നു. ഇന്ത്യയില്‍നിന്ന് യുഎസ് ഉയര്‍ന്ന തീരുവ ഈടാക്കാത്തതിനാലാണ് ഇത് സാധ്യമായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഉയര്‍ന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ കാര്യം ട്രംപ് ഉയര്‍ത്തിക്കാട്ടി. 200% തീരുവ ചുമത്തിയിരുന്നതിനാല്‍ ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അതിനാല്‍ കമ്പനിക്ക് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. ഇപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന തീരുവ നല്‍കേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളതെങ്കിലും അവര്‍ വര്‍ഷങ്ങളായി ഏക പക്ഷീയമായി ഉയര്‍ന്ന തീരുവ ഈടാക്കുകയായിരുന്നു. താന്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ബന്ധത്തില്‍ മാറ്റമുണ്ടായത്. ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ ചില തീരുവകള്‍ പിന്‍വലിക്കുന്നത് പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്ന് വ്യക്തമാക്കി.