'ഇന്ത്യയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ വരാന്‍പോകുന്നതേയുള്ളൂ': താരിഫ് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും കടക്കുമെന്ന ഭീഷണിയുമായി ട്രംപ്

'ഇന്ത്യയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ വരാന്‍പോകുന്നതേയുള്ളൂ': താരിഫ് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും കടക്കുമെന്ന  ഭീഷണിയുമായി ട്രംപ്


വാഷിംഗ്ടണ്‍:  റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഉപരോധത്തിന്റെ 'രണ്ടാം ഘട്ടത്തിലേക്കോ മൂന്നാം ഘട്ടത്തിലേക്കോ താന്‍ ഇതുവരെ കടന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്‌റോക്കിയുമായി ഓവല്‍ ഓഫീസില്‍ നടന്ന ഒരു ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കവേ, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനോട് നിരാശയും ദേഷ്യവും പ്രകടിപ്പിച്ചെങ്കിലും അതില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലല്ലോ എന്ന് ഒരു പോളിഷ് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ട്രംപ് പ്രകോപിതനായി.

'നടപടിയില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വാങ്ങലുകാരായ ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുന്നത് ഏതാണ്ട് തുല്യമാണെന്ന് നിങ്ങള്‍ക്കറിയില്ലേ?, അത് റഷ്യയ്‌ക്കെതിരായ നടപടിയല്ലെന്ന് നിങ്ങള്‍ പറയുമോ? അത് റഷ്യയ്ക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുത്തി. നിങ്ങള്‍ അതിനെ നടപടിയല്ലെന്ന് വിളിക്കുന്നുണ്ടോ? ഞാന്‍ ഇതുവരെ രണ്ടാം ഘട്ടം അല്ലെങ്കില്‍ മൂന്നാം ഘട്ടം ചെയ്തിട്ടില്ല. എന്നാല്‍ ഇതൊന്നും നടപടിയല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ സ്വയം വേറെ എന്തെങ്കിലും പണി കണ്ടെത്തൂ എന്നേ എനിക്ക് പറയാനുള്ളൂ- ട്രംപ് പോളിഷ് റിപ്പോര്‍ട്ടറോട് തിരിച്ചടിച്ചു.

 'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുകയാണെങ്കില്‍, ഇന്ത്യയ്ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകും, അതാണ് സംഭവിക്കുന്നത്. അതിനാല്‍, അതിനെക്കുറിച്ച് എന്നോട് പറയരുത്' എന്നാണ് രണ്ടാഴ്ച മുമ്പ് ട്രംപ് പറഞ്ഞത്.

ചൈനയുടെ സൈനിക പരേഡില്‍ പുടിനും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചും മോസ്‌കോയില്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു, 'ശരി, ഇന്ത്യയുമായി ബന്ധപ്പെട്ട് ഞാന്‍ ഇതിനകം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് കാര്യങ്ങളിലും ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്'

ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം പരസ്പര തീരുവയും ഡല്‍ഹി റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ലെവികളും ചുമത്തി. ഇതോടെ ഓഗസ്റ്റ് 27 മുതല്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി.

എന്നാല്‍ കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും ചെറുകിട വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പിച്ചു പറഞ്ഞത്. 'ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം, പക്ഷേ ഞങ്ങള്‍ അത് സഹിക്കും' എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

യുഎസ് ചുമത്തിയ താരിഫുകള്‍ 'ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവും എന്നാണ്' ഇന്ത്യ വിശേഷിപ്പിച്ചത്.

ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.