പ്രമുഖ ഫൊറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ളി വാസു അന്തരിച്ചു

പ്രമുഖ ഫൊറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ളി വാസു അന്തരിച്ചു


കോഴിക്കോട്: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ളി വാസു (68) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിടി മുക്കം ആശുപത്രിയില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെര്‍ളി വാസു തൊടുപുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ 79ലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.  കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ 1982ല്‍ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെര്‍ളി വാസു രണ്ടു വര്‍ഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. 96ല്‍ ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ല്‍ ഡോ. ഷെര്‍ളിക്ക് അവസരം ലഭിച്ചു. 2001 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്നു. 2016ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവിയായിരിക്കെ വിരമിച്ചു.

തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' എന്ന പുസ്തകവും ഡോ. ഷെര്‍ളി രചിച്ചിട്ടുണ്ട്.