ന്യൂ ഓര്‍ലിയാന്‍സിനെ 'നേരെയാക്കാന്‍' സൈന്യത്തെ അയയ്ക്കാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

ന്യൂ ഓര്‍ലിയാന്‍സിനെ 'നേരെയാക്കാന്‍' സൈന്യത്തെ അയയ്ക്കാന്‍ ട്രംപിന്റെ നിര്‍ദ്ദേശം


അനധികൃത കുടിയേറ്റക്കാരെയും കുറ്റവാളികളെയും ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് ന്യൂ ഓര്‍ലിയാന്‍സ് നഗരത്തിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈന്യത്തെ അയക്കാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ച കൊണ്ട് ന്യൂ ഓര്‍ലിയാന്‍സിനെ നേരെയാക്കാം എന്നാണ് പ്രസിഡന്റിന്റെ അവകാശവാദം.
ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയും ഈ തീരുമാനത്തില്‍ പങ്കുചേരുന്നു. എന്നാല്‍ രാഷ്ട്രീയാതിക്രമമാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വിമര്‍ശകരുടെ മുന്നറിയിപ്പ്.

ഈ നീക്കം പ്രാദേശിക കുറ്റവാളികളിലും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിലും ഫെഡറല്‍ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും സംസ്ഥാന നേതാക്കളും നഗര ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നാഷണല്‍ ഗാര്‍ഡിനെ ന്യൂ ഓര്‍ലിയാന്‍സിലേക്ക് അയയ്ക്കുക എന്ന ആശയം ട്രംപ് ബുധനാഴ്ചയാണ് മുന്നോട്ടുവച്ചത്. ഈ ആഴ്ച ആദ്യം, സൈന്യത്തെ ഷിക്കാഗോയിലേക്ക് വിന്യസിക്കാന്‍ അദ്ദേഹം തയ്യാറെടുത്തിരിക്കുകയാണ് എന്ന സൂചനകളില്‍ നിന്നുള്ള ഒരു വഴിത്തിരിവാണിത്.

'ഞങ്ങള്‍ ഇപ്പോള്‍ ഒരു തീരുമാനം എടുക്കുകയാണ്,' ട്രംപ് ഒരു ഓവല്‍ ഓഫീസ് മീറ്റിംഗില്‍ പറഞ്ഞു. 'നമ്മള്‍ ഷിക്കാഗോയിലേക്ക് പോകണോ അതോ ന്യൂ ഓര്‍ലിയാന്‍സ് പോലുള്ള ഒരു സ്ഥലത്തേക്ക് പോകണോ, അവിടെ നമുക്ക് ഒരു മികച്ച ഗവര്‍ണര്‍, ജെഫ് ലാന്‍ഡ്രി ഉണ്ട്, അദ്ദേഹം ഈ രാജ്യത്തെ വളരെ, വളരെ ദുഷ്‌കരവും, വളരെ മോശവുമായി മാറിയിരിക്കുന്ന വളരെ നല്ല ഒരു വിഭാഗത്തെ നേരെയാക്കാന്‍ ആഗ്രഹിക്കുന്നു'

ന്യൂ ഓര്‍ലിയാന്‍സിലെ കുറ്റകൃത്യങ്ങള്‍ 'നേരെയാക്കാന്‍' രണ്ടാഴ്ച എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഡി.സി.യേക്കാള്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ഏഞ്ചല്‍സിലെ ഐ.സി.ഇ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ നിയമ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്രംപ് ഭരണകൂടം നാഷണല്‍ ഗാര്‍ഡിനോട് നിയമവിരുദ്ധമായി നിര്‍ദ്ദേശിച്ചുവെന്ന് ചൊവ്വാഴ്ച ഒരു ഫെഡറല്‍ ജഡ്ജി വിധിച്ചിരുന്നു.

യു.എസ്. ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയറിന്റെ ഉത്തരവ് കാലിഫോര്‍ണിയയ്ക്ക് മാത്രമേ ബാധകമാകൂ  എന്നാല്‍ അദ്ദേഹത്തിന്റെ നിഗമനം മറ്റ് നഗരങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റിനെ ഭരണകൂടം എങ്ങനെ സമീപിക്കുന്നു എന്നതിനെ സ്വാധീനിക്കുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ ഉറച്ച വിശ്വസ്തനായ ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രി പ്രസിഡന്റിന്റെ ആശയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

'ന്യൂ ഓര്‍ലിയാന്‍സില്‍ നിന്ന് ഷ്രെവ്‌പോര്‍ട്ടിലേക്ക് പ്രസിഡന്റ് @realDonaldTrump ന്റെ സഹായം ഞങ്ങള്‍ സ്വീകരിക്കും!' ലാന്‍ഡ്രി എക്‌സില്‍ എഴുതി.

ട്രംപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ലാന്‍ഡ്രി മുമ്പ് ലൂസിയാന നാഷണല്‍ ഗാര്‍ഡ്‌സ്മാന്‍മാരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് അയച്ചിരുന്നു.

അതേസമയം, ലൂസിയാന ലോക്കപ്പ് എന്ന പുതിയ ഐ.സി.ഇ തടങ്കല്‍ കേന്ദ്രം പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ ബുധനാഴ്ച അംഗോളയിലെത്തിയിരുന്നു.

നാഷണല്‍ ഗാര്‍ഡിനെ അയക്കാനുള്ള തീരുമാനം ട്രംപ് നടപ്പാക്കിയാല്‍, ന്യൂ ഓര്‍ലിയാന്‍സില്‍ അടുത്തിടെ മൂന്നാം തവണയാണ് പുറത്തുനിന്നുള്ള ഏജന്‍സികള്‍ പോലീസ് നിരീക്ഷണം നടത്തുന്നത്.