അരുന്ധതി റോയിയുടെ പുതിയ പുസ്തകം -മദര്‍മേരി കംസ് ടു മി പ്രകാശനം ചെയ്തു

അരുന്ധതി റോയിയുടെ പുതിയ പുസ്തകം -മദര്‍മേരി കംസ് ടു മി പ്രകാശനം ചെയ്തു


കൊച്ചി: അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഉള്‍പ്പെടുത്തി അരുന്ധതി റോയ് എഴുതിയ 'മദര്‍ മേരി കംസ് ടു മി' എറണാകുളം സെന്റ് തെരേസാസ് കോളജിലെ മദര്‍മേരി ഹാളില്‍ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മറ്റു വിശിഷ്ട വ്യക്തികളെയും സാക്ഷിയാക്കി പ്രകാശനം ചെയ്തു. 

നിറഞ്ഞ സദസ്സിനോട് അരുന്ധതി റോയ് ആദ്യമേ പറഞ്ഞത് 'ഐ ആം നെര്‍വസ്' എന്നാണ്. 'ഞാനിഷ്ടപ്പെടുന്ന ഏതാണ്ടെല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ സര്‍ക്കാരിനിതൊരു സുരക്ഷാഭീഷണിയായേക്കാം''.-അവര്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.
സഹോദരന്‍ ലളിത് റോയിയെ വേദിയിലേക്കു വിളിച്ച്, ആലിംഗനം ചെയ്തുകൊണ്ട് 'ഞാനേറ്റവും സ്‌നേഹിക്കുന്നയാളാണിത്. ഞാന്‍ കുട്ടപ്പന്‍ എന്നും വിളിക്കും'-അരുന്ധതി പറഞ്ഞു. അരുന്ധതിയെ 'സു' എന്നാണു വിളിക്കുകയെന്നു ലളിത് പറഞ്ഞു. ഔപചാരികതയില്ലാതെ നടത്തിയ ചടങ്ങില്‍ ഇരുവരും ബാല്യത്തിലെ നല്ലതും മോശവുമായ ഓര്‍മകള്‍ പങ്കുവച്ചു.

സെന്റ് തെരേസാസ് കോളജിലെ മദര്‍ മേരി ഹാളില്‍, 'മദര്‍ മേരി കംസ് ടു മി' എന്ന വരികളുള്ള ബീറ്റില്‍സ് ഗാനം 'ലെറ്റ് ഇറ്റ് ബി'  ലളിത് റോയ് ആലപിച്ചു. പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ എഴുത്തുതകാരി സദസുമായി പങ്കുവെയ്ക്കുകയും സംവദിക്കുകയും ചെയ്തു.
'ഗാസയില്‍ പട്ടിണിയാല്‍ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അതു തടയാന്‍ കഴിയാത്തവിധം നിസ്സഹായരാണ് നമ്മളെന്നതില്‍ ലജ്ജിക്കാം. ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഉമര്‍ ഖാലിദിന് ഒരിക്കല്‍ കൂടി ഹൈക്കോടതി ജാമ്യം നിഷേധിച്ചുകഴിഞ്ഞു. എന്റെ പല സുഹൃത്തുക്കളും 5 വര്‍ഷമായി തടവിലാണ്' -അരുന്ധതി റോയി പറഞ്ഞു. പുസ്തകത്തിലെ ആദ്യ അധ്യായം 'ഗാങ്സ്റ്റര്‍' അരുന്ധതി വായിച്ചു.
എഴുത്തുകാരി കെ.ആര്‍. മീര, പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫും വൈസ് പ്രസിഡന്റുമായ മാനസി സുബ്രഹ്മണ്യം, പ്രഫ. ജിഷ, രവി ഡിസി, റിന്‍ജിനി മിത്ര എന്നിവര്‍ പ്രസംഗിച്ചു. അരുന്ധതി റോയിയുടെ ബന്ധുക്കള്‍ കൂടിയായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, യൂഹാന്‍ എന്നിവരും സാഹിത്യ, സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തു.