ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദ്യത്തെ ഔദ്യോഗിക വസതിയായിരുന്ന ഡല്‍ഹിയിലെ പ്രശസ്തമായ ലുട്ട്യന്‍സ് സോണിലെ കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ബംഗ്ലാവ് 1,100 കോടിക്ക് വിറ്റു. ഇന്ത്യയിലെ ഏറ്റവും വിലയേറിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഇടപാട്, റെക്കോര്‍ഡ് മൂല്യം കൊണ്ടും വാങ്ങുന്നവരെക്കുറിച്ചുള്ള രഹസ്യാത്മകതയും തലസ്ഥാനത്തെ പ്രോപ്പര്‍ട്ടി വിപണിയെ ഊര്‍ജ്ജസ്വലമാക്കിയിരിക്കുകയാണ്.
1 യോര്‍ക്ക് റോഡില്‍ (ഇപ്പോള്‍ 17 മോട്ടിലാല്‍ നെഹ്‌റു മാര്‍ഗ്) ആണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. 1948 ല്‍ തീന്‍ മൂര്‍ത്തി ഭവനിലേക്ക് മാറുന്നതുവരെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി താമസിച്ചിരുന്നത് ഇവിടെയാണ്. വിശാലമായ പുല്‍ത്തകിടികള്‍, ക്ലാസിക് വാസ്തുവിദ്യ, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു വിലയേറിയ സ്ഥലം എന്നീ പ്രത്യകതകളുള്ള ഈ ബംഗ്ലാവ് കൊട്ടാരതുല്യമായ ആഢംബരങ്ങള്‍ കൊണ്ടു മാത്രമല്ല, ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം ഉള്‍ക്കൊള്ളുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇത്രയേറെ ആഢംബരവും ചരിത്ര പ്രാധാന്യവും ഉണ്ടായിരുന്നിട്ടും, യഥാര്‍ത്ഥത്തില്‍ നിശ്ചയിച്ചിരുന്ന വിലയേക്കാള്‍ ഏകദേശം 20% കുറഞ്ഞ വിലയ്ക്കാണ് കരാര്‍ അവസാനിച്ചതെന്നാണ് വിപണിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാലും, ഡല്‍ഹിയിലും മുംബൈയിലും നടന്ന എല്ലാ മുന്‍കാല ഭവന വില്‍പ്പനകളെയും ഇത് മറികടക്കുകയും ലുട്ട്യന്‍സിന്റെ ഡല്‍ഹിയിലെ പ്രോപ്പര്‍ട്ടികളുടെ അസാധാരണമായ മൂല്യം അടിവരയിടുകയും ചെയ്തിരിക്കുകയാണ്.
നിലവിലെ ഉടമകള്‍ ആരാണ്?
നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരു രാജകുടുംബത്തിലെ അംഗങ്ങളായ രാജ്കുമാരി കക്കര്‍, ബിന റാണി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്വത്ത്. ഇടപാട് കൈകാര്യം ചെയ്യുന്ന ഒരു പ്രമുഖ നിയമ സ്ഥാപനം ഉടമസ്ഥാവകാശം വ്യക്തമാക്കുകയും മറ്റ് അവകാശവാദങ്ങള്‍ ഉള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തുകൊണ്ട് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗ്ലാവില്‍ നിയമപരമായ അവകാശമോ ഓഹരിയോ ഉള്ള ഏതൊരു വ്യക്തിയോ സ്ഥാപനമോ ഏഴ് ദിവസത്തിനുള്ളില്‍ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണമെന്നും, അങ്ങനെ ചെയ്തില്ലെങ്കില്‍ മറ്റ് അവകാശവാദങ്ങളൊന്നുമില്ലെന്ന് അനുമാനിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതിസമ്പന്നരായ വാങ്ങുന്നവര്‍ വിദേശ ഓഹരികളിലോ സ്വത്തിലോ നിക്ഷേപിക്കുന്നതിനു പകരം പൈതൃക സമ്പന്നമായ ഇന്ത്യന്‍ ആസ്തികളിലേക്ക് നിക്ഷേപങ്ങള്‍ എങ്ങനെ തിരിച്ചുവിടുന്നു എന്നതിന്റെ സൂചനയാണ് ഈ വാങ്ങലെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. 'ഇത് വെറുമൊരു പ്രോപ്പര്‍ട്ടി ഇടപാടല്ല ചരിത്രവും പൈതൃകവും സ്വന്തമാക്കുന്ന ഇടപാടുകൂടിയാണെന്ന് ഇടപാടിനെക്കുറിച്ച് അറിയുന്ന ഒരു മുതിര്‍ന്ന റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് അഭിപ്രായപ്പെട്ടു. ഈ ബംഗ്ലാവ് വാങ്ങുന്നയാള്‍ ആരായിരിക്കുമെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ വ്യാപകമാണ്. ശക്തരായ ബിസിനസ്സ് സ്ഥാപനങ്ങള്‍ മുതല്‍ ആഗോള നിക്ഷേപകര്‍ വരെയുള്ളവരുടെ പേരുന്റെ വിശദാംശങ്ങളെ പോലെ വാങ്ങുന്നവരുടെ പേരുവിവരങ്ങളും രഹസ്യമായി വെയ്ക്കാനാണ് ശ്രമം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദ്യത്തെ ഡല്‍ഹി വസതി റെക്കോര്‍ഡ് വിലയായ 1,100 കോടിരൂപയ്ക്ക് വിറ്റു; ഇന്ത്യയിലെ ഏറ്റവും വലിയ ഭവന ഇടപാട്
