വാഷിംഗ്ടണ്‍: വെനിസ്വേലയില്‍ നിന്ന് പുറപ്പെട്ട മയക്കുമരുന്ന് കടത്തുന്ന കപ്പല്‍ തെക്കന്‍ കരീബിയനില്‍ അമേരിക്കന്‍ സൈന്യം ബോംബിട്ട് തകര്‍ത്തയായി ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ബോംബ് ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടതായും ട്രംപ് അറിയിച്ചു.
കപ്പല്‍ 'നിയുക്ത നാര്‍ക്കോ- തീവ്രവാദ സംഘടന' ട്രെന്‍ ഡി അരാഗ്വ സംഘത്തിന്റേതാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടു. കഴിഞ്ഞ മാസം അമേരിക്ക വെനിസ്വേലന്‍ തീരത്ത് മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതിനെത്തുടര്‍ന്ന് യു എസും വെനിസ്വേലയും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചിരുന്നു.
വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ അമേരിക്ക 50 മില്യന്‍ ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഒസാമ ബിന്‍ ലാദന് വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടുതലാണിത്. അതേസമയം, വെനിസ്വേലയില്‍ 'ഭരണമാറ്റ'ത്തിനുള്ള അമേരിക്കന്‍ ശ്രമങ്ങളെ മഡുറോ വിമര്‍ശിക്കുകയും യു എസ് സേന ആക്രമിച്ചാല്‍ 'ആയുധങ്ങളുടെ റിപ്പബ്ലിക് പ്രഖ്യാപിക്കാന്‍' തയ്യാറാണെന്ന് പറയുകയും ചെയ്തു.
വൈറ്റ് ഹൗസ് ട്രംപിനെ 'സമാധാന പ്രസിഡന്റ്' എന്നാണ് വിളിക്കുന്നതെങ്കിലും അദ്ദേഹം പുതിയ ശത്രുവിനെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ യു എസും വെനസ്വേലയും ശത്രുക്കളാകുന്നത് ആദ്യമായല്ല. അടുത്തിടെ, ട്രംപ് ഭരണകൂടം മഡുറോയ്ക്കെതിരായ പോരാട്ടം വര്‍ധിപ്പിക്കുകയും അദ്ദേഹത്തെ 'ഏറ്റവും വലുതും ശക്തവുമായ മയക്കുമരുന്ന് കടത്തുകാരന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഏജിസ് സജ്ജീകരിച്ച ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറുകളായ യു എസ് എസ് ഗ്രേവ്ലി, യു എസ് എസ് ജേസണ്‍ ഡന്‍ഹാം, യു എസ് എസ് സാംപ്സണ്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് എട്ട് നാവിക കപ്പലുകളെങ്കിലും വെനിസ്വേലന്‍ തീരത്ത് വിന്യസിച്ചിട്ടുണ്ട്. കൗതുകകരമായ കാര്യം മഡുറോ സര്‍ക്കാരും ട്രംപ് ഭരണകൂടവും തടവുകാരുടെ കൈമാറ്റവും ഷെവ്റോണ്‍ വഴി വെനിസ്വേലന്‍ എണ്ണ കയറ്റുമതി പുന:രാരംഭിച്ചതും ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ട്രംപിനെ സംബന്ധിച്ചിടത്തോളം മഡുറോ പുതിയ ശത്രുവല്ലെങ്കിലും ഭരണകൂടം അങ്ങോട്ടേക്ക് ശ്രദ്ധ ചെലുത്തിയത് വളരെ പെട്ടെന്നാണ്.
തന്റെ ആദ്യ ടേമില്‍ സാമ്പത്തിക ഉപരോധങ്ങള്‍ വഴി യു എസ് പ്രസിഡന്റ് മഡുറോയുടെ മേല്‍ പരമാവധി സമ്മര്‍ദ്ദം പ്രയോഗിക്കാന്‍ ശ്രമിച്ചിരുന്നു. വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വെയ്‌ഡോയെ വെനിസ്വേലയുടെ നിയമാനുസൃത പ്രസിഡന്റായി അംഗീകരിക്കുകയും ചെയ്തു. വെനിസ്വേലയിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയും മഡുറോയുമായി ചര്‍ച്ച നടത്താന്‍ ഗ്വെയ്‌ഡോ നടത്തിയ ശ്രമവുമാണ് പ്രസ്തുത തന്ത്രം പരാജയപ്പെടുത്തിയത്. പിന്നീട് പണമിടപാട്, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി ഗ്വെയ്‌ഡോക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും അതിനു മുമ്പേ രാജ്യം വിട്ടിരുന്നു. കൊക്കെയ്ന്‍ വഹിക്കുന്ന ചെറിയ, അതിവേഗ ബോട്ടുകള്‍ തടയുന്നതിനാണ് സൈനിക കപ്പലുകളെ വിന്യസിക്കുന്നതെന്നാണ് നേരത്തെ വൈറ്റ് ഹൗസ് പറഞ്ഞത്. അത്തരമൊരു ബോട്ട് ഇതിനകം ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിര്‍ഥം വൈറ്റ് ഹൗസ് പൂര്‍ണ്ണമായ സൈനിക ആക്രമണം തയ്യാറാക്കുകയാണെന്ന് നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
തങ്ങളുടെ രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നത് തടയാനും ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുമ്പിലേക്ക് കൊണ്ടുവരാനും അമേരിക്കന്‍ ശക്തിയുടെ എല്ലാ ഘടകങ്ങളും ഉപയോഗിക്കാന്‍ പ്രസിഡന്റ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. മഡുറോ ഒരു നിയമാനുസൃത പ്രസിഡന്റല്ലെന്നും മയക്കുമരുന്ന് കാര്‍ട്ടലിന്റെ ഒളിച്ചോടിയ തലവനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ രാജ്യം ഒരു നൂറ്റാണ്ടിനിടെ ദക്ഷിണ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീഷണി നേരിടുകയാണെന്നും എന്നാല്‍ അതിന് വഴങ്ങില്ലെന്നും കാരക്കാസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു. വെനിസ്വേലക്കാരെ അദ്ദേഹം 'യോദ്ധാക്കള്‍' എന്ന് വിളിക്കുകയും ഏത് കടന്നുകയറ്റത്തെയും പരമാവധി എതിര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നും യു എസ് പ്രസിഡന്റിനെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. മഡുറോ റൂബിയോയെ വിമര്‍ശിക്കുകയും ഡൊണാള്‍ഡ് ട്രംപിന്റെ കൈയില്‍ രക്തം പുരട്ടാന്‍ ആഗ്രഹിക്കുന്നുവെന്ന് വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റെ സമാധാനത്തിനുള്ള നോബല്‍ സമ്മാന സ്വപ്‌നത്തെ മഡുറോ പരാമര്‍ശിക്കുകയും റൂബിയോ 'ടംപിന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നതായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സൈനിക ഭീഷണിയിലൂടെ അവര്‍ ഭരണമാറ്റം തേടുന്നുവെന്നും മഡുറോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
2016-ല്‍ മഡുറോയുടെ ഭാര്യ സിലിയ ഫ്‌ലോറസിന്റെ രണ്ട് അനന്തരവന്‍മാരായ എഫ്രെയിന്‍ അന്റോണിയോ കാമ്പോ ഫ്‌ലോറസും ഫ്രാന്‍സിസ്‌കോ ഫ്‌ലോറസ് ഡി ഫ്രീറ്റാസും കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് യു എസ് കോടതിയില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മഡുറോയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഇരുവരും പ്രസിഡന്റ് വിമാനത്താവള ടെര്‍മിനല്‍ പതിവായി ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെട്ടു. മയക്കുമരുന്ന് കടത്തില്‍ നിന്നുള്ള വരുമാനത്തില്‍ ചിലത് മഡുറോയുടെ 2013ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒരുപക്ഷേ 2015ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ധനസഹായം നല്‍കിയതായും ആരോപിക്കപ്പെട്ടു. 2015ല്‍ യു എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അവരെ അറസ്റ്റ് ചെയ്തതിനുശേഷം മഡുറോ ഈ ഓപ്പറേഷനെ 'സാമ്രാജ്യത്വ ആക്രമണം' എന്നാണ് കുറ്റപ്പെടുത്തിയത്.
പിന്നീട്, മയക്കുമരുന്ന് കടത്ത്, അഴിമതി, ഹിസ്ബുള്ള, ഇറാന്റെ ഖുദ്സ് ഫോഴ്സ് തുടങ്ങിയ ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നിവയില്‍ പങ്കാളികളായതിന് വെനിസ്വേലന്‍ മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയെയും മുന്‍ വൈസ് പ്രസിഡന്റ് താരെക് എല്‍ ഐസാമിയെയും യു എസ് ഉപരോധിച്ചു. 2018ല്‍ മഡുറോയും കാബെല്ലോയും മയക്കുമരുന്ന് കടത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി യു എസ് ട്രഷറി ആരോപിച്ചു. 2020 മാര്‍ച്ചില്‍ മഡുറോയ്ക്കും മറ്റ് വെനിസ്വേലന്‍, കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ 'നാര്‍ക്കോ-ടെററിസം' കുറ്റം ചുമത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമാകാന്‍ അവര്‍ അമേരിക്കയിലേക്ക് കൊക്കെയ്ന്‍ കയറ്റുമതി നടത്തുന്നുവെന്ന് യു എസ് നീതിന്യായ വകുപ്പ് ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി 2022-ല്‍ അനന്തരവന്‍ ഇരുവരെയും വിട്ടയച്ചു.