വാഷിങ്ടണ്‍: ഇന്ത്യ താരിഫുകള്‍ ഉപയോഗിച്ച് യു എസിനെ 'കൊല്ലുകയായിരുന്നു'വെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇപ്പോള്‍ താരിഫ് ഒഴിവാക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ദ സ്‌കോട്ട് ജെന്നിങ്സ് റേഡിയോ ഷോയ്ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
താരിഫ്- വ്യാപാര നയങ്ങളെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് വീണ്ടും രംഗത്തുവന്നത്.
'ഇന്ത്യയ്ക്ക് നമ്മള്‍ക്കെതിരെ തീരുവകളുണ്ട്, ചൈന തീരുവകള്‍ കൊണ്ട് നമ്മളെ കൊല്ലുന്നു, ബ്രസീലും തീരവയിലൂടെ നമ്മളെ കൊല്ലുന്നു'- ട്രംപ് പറഞ്ഞു.
'ലോകത്തിലെ ഏതൊരു മനുഷ്യനെക്കാള്‍ നന്നായി എനിക്ക് താരിഫുകളെക്കുറിച്ച് മനസിലായി. ഇപ്പോള്‍ എന്റെ താരിഫുകള്‍ കൂടി വന്നതോടെ അവരെല്ലാം അവ ഉപേക്ഷിച്ചു. ഇന്ത്യയായിരുന്നു ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തിയ രാഷ്ട്രം. നിങ്ങള്‍ക്കറിയാമോ, അവര്‍ എനിക്ക് ഇപ്പോള്‍ താരിഫ് ഒഴിവാക്കി തരാമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നു'- ട്രംപ് പറഞ്ഞു.
അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കെതിരെ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന കോടതി വിധിയെക്കുറിച്ചു ചോദിച്ചപ്പോള്‍ യു എസിനെ മുതലെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളാണ് കേസ് സ്പോണ്‍സര്‍ ചെയ്തതെന്ന് ട്രംപ് ആരോപിച്ചു.