ഇന്ത്യ- പാക് സംഘര്‍ഷം; ക്രെഡിറ്റ് കിട്ടാതെ താന്‍ ചതിക്കപ്പെട്ടെന്ന് ട്രംപിന് തോന്നലുണ്ടായെന്ന് ആഷ്‌ലി

ഇന്ത്യ- പാക് സംഘര്‍ഷം; ക്രെഡിറ്റ് കിട്ടാതെ താന്‍ ചതിക്കപ്പെട്ടെന്ന് ട്രംപിന് തോന്നലുണ്ടായെന്ന് ആഷ്‌ലി


വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലഭിക്കാതെ പോയതില്‍ ട്രംപിന് കടുത്ത ഇച്ഛാഭംഗവും വഞ്ചിക്കപ്പെട്ടെന്ന തോന്നലും ഉണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ആഷ്ലി ജെ ടെല്ലിസ്. എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്ിതലാണ് ആഷ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. 

യു എസ് നല്‍കിയ താക്കീത് പരിഗണിക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതും ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് തനിക്കു ലഭിക്കാത്തതും ട്രംപിനെ നിരാശനാക്കിയിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നലും യു എസ് പ്രസിഡന്റിലുണ്ടാക്കി. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് യു എസിനും ട്രംപിനും നല്‍കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയില്‍ നിന്നും ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയായിട്ടും ഇന്ത്യക്കു നേരെ ഇരട്ടി താരിഫ് ചുമത്തുന്ന നടപടി ട്രംപ് സ്വീകരിച്ചതിനു പിന്നിലും ഇന്ത്യ- യു എസ് ബന്ധം തകരാറിലാക്കുന്നതിലും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോയ്ക്ക് വലിയ പങ്കാണുള്ളതെന്നും ആഷ്ലി അഭിപ്രായപ്പെട്ടു.

മറ്റു വഴികളില്ലാത്തതിനാല്‍ അമേരിക്കയുടെ ശത്രു രാജ്യങ്ങളുമായി അടുക്കുന്ന സാഹചര്യത്തിലേയ്ക്ക് ഇന്ത്യയെ പീറ്റര്‍ നവാരോ കൊണ്ടെത്തിച്ചെന്നും ആഷ്ലി കുറ്റപ്പെടുത്തി.