കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്; സെലെന്‍സ്‌കി മോസ്‌കോയിലേക്ക് വരണമെന്ന് പുട്ടിന്‍

കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്; സെലെന്‍സ്‌കി മോസ്‌കോയിലേക്ക് വരണമെന്ന് പുട്ടിന്‍


മോസ്‌കോ: യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച താന്‍ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം മോസ്‌കോയിലേക്ക് വരണമെന്നും വ്‌ളാഡിമിര്‍ പുട്ടിന്‍. ചൈനയില്‍ നടന്ന സൈനിക പരേഡിലും ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. 

യുക്രെയ്നിലുടനീളം റഷ്യന്‍ സൈന്യം 'മുന്നോട്ട്' പോകുന്നുണ്ടെന്ന് പറഞ്ഞ പുട്ടിന്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യ 'യുദ്ധം തുടരും' എന്നും പ്രഖ്യാപിച്ചു. റഷ്യയുടെ ചെലവില്‍ യുക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 

പ്രദേശങ്ങള്‍ക്കു വേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണ് റഷ്യ പോരാടുന്നതെന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിക്കാനും പുട്ടിന്‍ ശ്രദ്ധിച്ചു. തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടെന്നും 'സാമാന്യബുദ്ധി നിലനില്‍ക്കുകയാണെങ്കില്‍' യുക്രെയ്ന്‍ സംഘര്‍ഷം കരാറിലൂടെ അവസാനിപ്പിക്കാമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇല്ലെങ്കില്‍, അത് സൈനികമായി പരിഹരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

വിവാദ പ്രസ്താവനയില്‍ റഷ്യന്‍ പ്രസിഡന്റ് റഫറണ്ടം വിഷയം ഉന്നയിക്കുകയും റഷ്യയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ 'ന്യായവും ജനാധിപത്യപരവുമായ' അവകാശം സെലെന്‍സ്‌കി എടുത്തുകളയരുതെന്ന് പറയുകയും ചെയ്തു. സെലെന്‍സ്‌കി ഇനി പ്രസിഡന്റല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു, സൈനിക നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തില്ലെന്ന് വിശദീകരിച്ചു. എന്നാല്‍ പ്രസിഡന്റിന്റെ കാലാവധി നീട്ടിയിട്ടില്ല. 2025 ജൂലൈയില്‍ യുക്രെയ്നില്‍ 16-ാം തവണയും 2025 നവംബര്‍ വരെ പട്ടാള നിയമം നീട്ടിയതിനെക്കുറിച്ചാണ് പുട്ടിന്‍ പരാമര്‍ശിച്ചത്. പട്ടാള നിയമ സമയത്ത് തന്റെ അധികാരങ്ങള്‍ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ചതായി സെലെന്‍സ്‌കിക്കെതിരെ ആരോപണമുണ്ട്. 2024ല്‍ കാലാവധി അവസാനിച്ചതിനുശേഷം സെലെന്‍സ്‌കിയുടെ നിയമസാധുതയെ പുട്ടിന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിട്ടുണ്ട്.