ഗാസ സിറ്റി പിടിക്കാനുറച്ച് ഇസ്രായേല്‍; 40,000 റിസര്‍വ് സൈനികര്‍ കൂടി യുദ്ധമുഖത്തേക്ക്

ഗാസ സിറ്റി പിടിക്കാനുറച്ച് ഇസ്രായേല്‍;  40,000 റിസര്‍വ് സൈനികര്‍ കൂടി യുദ്ധമുഖത്തേക്ക്


റുസലം:  ഹമാസിനെ ഉന്മൂലനം ചെയ്യാനും ഗാസ സിറ്റി പിടിക്കാനും  പടനീക്കം ശക്തമാക്കി ഇസ്രായല്‍. 40,000 റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തേക്ക് ഇസ്രായേല്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. പുതുതായി വിന്യസിക്കപ്പെട്ട സൈനികര്‍ ചൊവ്വാഴ്ച ഡ്യൂട്ടിക്കെത്തിയതായി ഇസ്രയേല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. 20,000 റിസര്‍വ് സൈനികര്‍ കൂടി താമസിയാതെ എത്തും. ഗാസ സിറ്റിയില്‍ ഹമാസ് ഇപ്പോള്‍ ശക്തമാണെന്നാരോപിച്ചാണ് ഗാസ സിറ്റിയിലേക്ക് വീണ്ടും വന്‍ പടനീക്കം. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഹമാസ് ശക്തമായി ചെറുത്തുനിന്ന മേഖലയാണിത്. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ സൈന്യം വിമാനത്തില്‍നിന്നു വിതറി. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

അതിനിടെ, ഗാസയിലെങ്ങും ഇസ്രയേല്‍ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും 24 മണിക്കൂറിനിടെ 86 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 63,633 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. പട്ടിണിമൂലം 3 കുട്ടികളടക്കം 13 പേര്‍ കൂടി മരിച്ചു. ആകെ പട്ടിണിമരണം 130 കുട്ടികളടക്കം 361. ഓഗസ്റ്റില്‍ മാത്രം പട്ടിണിമൂലം 185 പലസ്തീന്‍കാര്‍ മരിച്ചെന്നു ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഗാസ സിറ്റി പിടിക്കാനുള്ള സൈനികനടപടി രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരിലാണെന്ന് ആരോപിച്ച് ടെല്‍ അവീവില്‍ റിസര്‍വ് സൈനികരുടെ പ്രകടനം നടന്നു. ഈ മാസം 9ന് ആരംഭിക്കുന്ന യുഎന്‍ പൊതുസഭയില്‍, പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനെ പിന്തുണയ്ക്കുമെന്ന് ബല്‍ജിയം പ്രഖ്യാപിച്ചു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ബാര്‍സിലോന തുറമുഖത്തുനിന്നു ഗാസയിലേക്കുള്ള സഹായവുമായി 22 ബോട്ടുകള്‍ പുറപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മുടങ്ങിയ ഗ്ലോബല്‍ ഫ്‌ളോറ്റില ദൗത്യത്തില്‍ 44 രാജ്യങ്ങളില്‍നിന്നുള്ള ആക്ടിവിസ്റ്റുകളുണ്ട്. ഇസ്രയേല്‍ ഉപരോധം ലംഘിച്ചു ഗാസയില്‍ സഹായമെത്തിക്കുകയാണു ലക്ഷ്യം.