പാകിസ്താനിൽ ബോംബ് സ്‌ഫോടനങ്ങളിൽ 25 പേർ മരിച്ചു; ചാവേറാക്രമണമെന്ന് സൂചന

പാകിസ്താനിൽ  ബോംബ് സ്‌ഫോടനങ്ങളിൽ 25 പേർ മരിച്ചു; ചാവേറാക്രമണമെന്ന് സൂചന


ഇസ്ലാമാബാദ് : പാകിസ്താനിൽ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റു. ചാവേറാക്രമണം എന്ന് സൂചന. ബലൂചിസ്ഥാനിലെ തെക്കു പടിഞ്ഞാറൻ മേഖലയിൽ നടന്ന ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിയുടെ നേർക്ക് ആക്രമണം ഉണ്ടായി.

പാർട്ടിയുടെ സമ്മേളനം നടക്കുന്ന സ്റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയയിലാണ് സ്‌ഫോടനം നടന്നത്. ബി.എൻ.പി.സ്ഥാപക നേതാവ് അത്താവുള്ള മെങ്കലിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നടന്നതാണ് റാലി. പാർട്ടി മേധാവി അക്തർ മെംഗൽ റാലിയിൽ പ്രസംഗം പൂർത്തിയാക്കി വേദി വിട്ടപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. താൻ 'സുരക്ഷിതനാണ്' എന്ന് പിന്നീട് സാമൂഹ്യമാധ്യമം വഴി അദ്ദേഹം അറിയിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല.

ആക്രമണം ഉണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിലെ മറ്റൊരിടത്തും സ്‌ഫോടനം ഉണ്ടായെന്ന് റിപ്പോർട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വ നഗരത്തിലെ ബന്നുവിലെ ഒരു അർദ്ധസൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ജനുവരി 1 മുതൽ, ബലൂചിസ്ഥാനിലും അയൽരാജ്യമായ ഖൈബർ പഖ്തൂൺഖ്വയിലും സായുധ സംഘങ്ങൾ നടത്തിയ അക്രമത്തിൽ 430ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് എ.എഫ്.പി കണക്കുകൾ പറയുന്നു. അതിൽ കൂടുതലും സുരക്ഷാ സേനാംഗങ്ങൾ ആണ്.