കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. അധിക്ഷേപ പരാമര്‍ശത്തിന് ശേഷം നടത്തിയ ഖേദ പ്രകടനം മുതലക്കണ്ണീരാണോ എന്നു സംശയം പ്രകടിപ്പിച്ച കോടതി വിജയ് ഷായ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടു. കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിജയ് ഷാ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
മന്ത്രി വിജയ് ഷായ്ക്ക് എതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. ചൊവ്വാഴ്ച രാവിലെ പത്തിന് മുന്‍പ് മൂന്ന് ഐപിഎസ് ഓഫീസര്‍മാരടങ്ങുന്ന സംഘം രൂപീകരിക്കണം. ഇതില്‍ ഒരംഗം വനിതയാകണം എന്നും കോടതി നിര്‍ദേശിച്ചു. വിജയ് ഷാ നടത്തിയ പരാമര്‍ശം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ പ്രസ്താവന മുഴുവന്‍ രാജ്യത്തിനും നാണക്കേടുണ്ടാക്കി, അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുന്‍പ് അതിന്റെ വരുംവരായ്കകള്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രസ്താവന നടത്തിയ ശേഷം നിങ്ങള്‍ നടത്തിയ ക്ഷമാപണം നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള മുതലക്കണ്ണീരാണോ. മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ കണ്ടിരുന്നു. ഒരു ജന പ്രതിനിധി എന്ന നിലയില്‍ ഒരോ വാക്കുകള്‍ ഉപയോഗിക്കുമ്പോഴും വിവേകത്തോടെ പ്രവര്‍ത്തിക്കണം' കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മധ്യപ്രദേശ് ആദിവാസിക്ഷേമ മന്ത്രിയായ കുന്‍വര്‍ വിജയ് ഷാ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഭീകരര്‍ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ മോദി അവരുടെ സ്വന്തം സഹോദരിയെ തന്നെ അയച്ചു. അവര്‍ ഹിന്ദുക്കളുടെ വസ്ത്രം നീക്കി പരിശോധിച്ചാണ് കൊലപ്പെടുത്തിയത്. മോദിജി അവരുടെ സഹോദരിയെ അയച്ച് അതേ നാണയത്തില്‍ തിരിച്ചടിച്ചു. നിങ്ങള്‍ ഞങ്ങളുടെ സ്ത്രീകളെ വിധവകളാക്കിയാല്‍ ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ അയച്ച് തിരിച്ചടിക്കുമെന്ന സന്ദേശമാണ് നല്‍കിയത്' എന്നായിരുന്നു ഷായുടെ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോട മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ വിജയ് ഷായ്‌ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വിജയ് ഷായ്‌ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്നായിരുന്നു പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതി കര്‍ശന നിര്‍ദേശം. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്‌

കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി