കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാല്‍ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാല്‍ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2023- 24ല്‍ രാജ്യത്ത് 37.5 കോടി പേര്‍ വിമാന യാത്ര ചെയ്തു. ഇതില്‍ 27.5 കോടി പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 21 ശതമാനമാണ് ഇക്കാര്യത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2040 ആകുമ്പോള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 100 കോടി വിമാന യാത്രക്കാരുണ്ടാകുമെന്നാണ് അനുമാനം. ഇത്രയും വലിയ വളര്‍ച്ച ഉള്‍ക്കൊള്ളത്തക്കവിധം നമ്മുടെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനയാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളുടെ ആസ്തിയും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഘട്ടമാണിത്. കൊച്ചി വിമാനത്താവളത്തിന്റെ കാര്യം എടുത്താല്‍, പ്രതിദിനം 50,000ത്തില്‍ അധികം യാത്രക്കാരുണ്ട്. ഒരു ലക്ഷത്തോളം പേര്‍ ഓരോ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നു. നാന്നൂറിലധികം സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര ഏജന്‍സികളും 30 എയര്‍ലൈനുകളും ഹോട്ടലുകളുള്‍പ്പെടെ ഇരുന്നൂറോളം കമേഴ്‌സ്യല്‍ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്രയും വിപുലവും സങ്കീര്‍ണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റല്‍ ആസ്തികളുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കൃത്രിമബുദ്ധി, ഓ ട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാല്‍ 2.0യില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. സൈബര്‍ സ്‌പെയ്‌സിലെ പുതിയ വെല്ലുവിളികള്‍ നേരിടുക, യാത്ര കൂടുതല്‍ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ 200 കോടി മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്- അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഫുള്‍ ബോഡി സ്‌കാനറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പര്‍ശിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. ഓട്ടോ മാറ്റിക് ട്രേ റിട്രീവല്‍ സിസ്റ്റം നിലവില്‍ വരുന്നതോടെ ക്യാബിന്‍ ബാഗേജുകളുടെ സുരക്ഷാ പരിശോധനയും വേഗത്തിലാവുന്നു.
വിമാനത്താവളത്തിന്റെയും പരിസര പ്രദേശത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 4,000 എ ഐ അധിഷ്ഠിത നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തില്‍ നിലവിലുള്ള ബോംബ് നിര്‍വീര്യ സംവിധാനവും സിയാല്‍ 2.0യിലൂടെ നവീകരിക്കുന്നു.
ഈ സംരംഭങ്ങള്‍ക്ക് പുറമേ, കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ട ബൃഹദ് പദ്ധതികളെല്ലാം അതിവേഗം പുരോഗമിക്കുകയാണ്. 700 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനത്തിന്റെ ഭാഗമായ ഏപ്രണ്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ടെര്‍മിനല്‍ 3യ്ക്ക് മുന്നിലായി പണികഴിപ്പിക്കുന്ന കൊമേഴ്‌സ്യല്‍ സോണിന്റെ പ്രവര്‍ത്തനവും മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഈ വികസന പ്രവര്‍ത്തനങ്ങളിലൂടെ 29,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. നിക്ഷേപകര്‍ക്കും നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ നല്‍കാന്‍ സിയാല്‍ ശ്രമിക്കുന്നുണ്ട്.
2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനം ലാഭവിഹിതം നിക്ഷേപകര്‍ക്ക് നല്‍കി. നിരവധി പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്തു. കാര്‍ഗോ കയറ്റിറക്ക് കരാര്‍ തൊഴിലാളികള്‍ക്കായി അടുത്തിടെ ആരംഭിച്ച സൊസൈറ്റിയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മാണത്തിലും സിയാല്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ടൗണ്‍ഷിപ്പിലെ 400 വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കുന്ന പദ്ധതി സിയാല്‍ സ്വന്തം നിലയ്ക്ക് നിര്‍വഹിക്കുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി രാജീവ് അധ്യക്ഷനായിരുന്നു. അന്‍വര്‍ സാദത്ത് എം എല്‍ എ, റോജി എം ജോണ്‍ എം പി, ഹൈബി ഈഡന്‍, എം പി, അഡ്വ. ഹാരിസ് ബീരാന്‍ എം പി, സിയാല്‍ ഡയറക്ടര്‍മാരായ എം എ യൂസഫലി, ഇ കെ ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍ വി ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, ജനറല്‍ മാനേജര്‍ എ ടി ആന്റ് കമ്യൂണിക്കേഷന്‍സ് സന്തോഷ് എസ് എന്നിവര്‍ സംസാരിച്ചു. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന എയ്‌റോ ഡിജിറ്റല്‍ സമ്മിറ്റില്‍ ഐ ടി എക്‌സ്പീരിയന്‍സ് സെന്റര്‍, റോബോട്ടിക് പ്രദര്‍ശനം എന്നിവയ്‌ക്കൊപ്പം രാജ്യത്തെ പ്രമുഖ ഐ ടി വിദഗ്ദര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും നടന്നു.