മോസ്‌കോ: യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപുമായുള്ള നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു പുടിന്റെ അഭിപ്രായ പ്രകടനം.
ട്രംപുമായി രണ്ട് മണിക്കൂര്‍ നേരമാണ് പുടിന്‍ ടെലിഫോണില്‍ സംസാരിച്ചത്. കീവുമായി സാധ്യമായ സമാധാന കരാറിനുള്ള കരട് തയ്യാറാക്കാന്‍ മോസ്‌കോ തയ്യാറാണെന്ന് പുടിന്‍ അവകാശപ്പെട്ടു.
ട്രംപും പുടിനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം വളരെ വിജ്ഞാനപ്രദവും സഹായകരവുമായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിയ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയും യുക്രെയ്‌നും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളെ ട്രംപ് പിന്തുണച്ചതായി പുടിന്‍ പറഞ്ഞു. സമാധാനത്തിലേക്ക് നീങ്ങാനുള്ള മോസ്‌കോയുടെ സന്നദ്ധത ട്രംപ് അംഗീകരിച്ചുവെന്നും അടുത്ത വെല്ലുവിളി അവിടെ എങ്ങനെ എത്തിച്ചേരാമെന്ന് തീരുമാനിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയിലെ ഒരു സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ധാരണയിലെത്താന്‍ യുക്രെയ്ന്‍ പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഒത്തുതീര്‍പ്പിന്റെ തത്വങ്ങള്‍, സാധ്യമായ സമാധാന കരാറിന്റെ സമയം എന്നിങ്ങനെ നിരവധി നിലപാടുകള്‍ നിര്‍വചിക്കാനാവുമെന്നും പുടിന്‍ കരിങ്കടലിനടുത്തുള്ള സോച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കരാറിലെത്താന്‍ കഴിഞ്ഞാല്‍ അത് വെടിനിര്‍ത്തലിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തില്‍ റഷ്യയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പുടിന്‍ തുടര്‍ന്നു പറഞ്ഞു. മൊത്തത്തില്‍, റഷ്യയുടെ നിലപാട് വ്യക്തമാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നതായും പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും സമാധാനത്തിലേക്ക് നീങ്ങാനുള്ള ഏറ്റവും ഫലപ്രദമായ വഴികള്‍ നിര്‍ണ്ണയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ മറ്റൊരു സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പറയുന്നതനുസരിച്ച് ഏതൊരു സമാധാന കരാറിനും ഇരുപക്ഷവും പൊതുവായ നില കണ്ടെത്തേണ്ടതുണ്ടെന്ന് പുടിന്‍ പറയുന്നുണ്ട്. വെടിനിര്‍ത്തല്‍ സംഭവിക്കുന്നതിന് മുമ്പ് റഷ്യയും ഉക്രെയ്‌നും 'ഇരുപക്ഷത്തിനും അനുയോജ്യമായ വിട്ടുവീഴ്ചകളില്‍' യോജിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
യുക്രെയ്ന്‍ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരത്തെ പുടിന്‍ അനുകൂലിക്കുന്നുവെന്നും ഒരു സമാധാന ധാരണാപത്രം തയ്യാറാക്കാന്‍ കീവുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ടാസ് റിപ്പോര്‍ട്ട് ചെയ്തു.