കറാച്ചി: പാകിസ്ഥാന്‍ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. 2024 നവംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ 11 ദശലക്ഷം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് അനുഭവിച്ചതെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ് എ ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ബലൂചിസ്ഥാന്‍, സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം സാരമായി ബാധിച്ച 68 ഗ്രാമീണ ജില്ലകളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണ്.
2025ലെ ഭക്ഷ്യ പ്രതിസന്ധികളെക്കുറിച്ചുള്ള ആഗോള റിപ്പോര്‍ട്ട് ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 22 ശതമാനം പേര്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 ദശലക്ഷം ആളുകള്‍ ഇതിനകം കടുത്ത പ്രതിസന്ധിയിലാണ്.
അതിശക്തമായ കാലാവസ്ഥ ഉപജീവനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കുന്നത് തുടരുകയാണ്. ഈ വര്‍ഷം 25 ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ മുമ്പത്തെ 36.7 ദശലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50.8 ദശലക്ഷമായി ബാധിതര്‍ വര്‍ധിക്കും. ഈ വ്യാപ്തി അര്‍ഥമാക്കുന്നത് മുന്‍ വര്‍ഷത്തെ ഡേറ്റയുമായി നേരിട്ട് താരതമ്യം ചെയ്യാനാവില്ലെന്നതാണ്.
2024ലെ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് 2023 മുതല്‍ തുടക്കമായിട്ടുണ്ട്. 2023 നവംബര്‍ മുതല്‍ 2024 ജനുവരി വരെ 11.8 ദശലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യക്ഷാമം അനുഭവിച്ചത്.
സിന്ധ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളില്‍ കുട്ടികളിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും പോഷകാഹാരക്കുറവിന്റെ ആശങ്കാജനകമായ തോത് എഫ് എ ഒ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2023 മാര്‍ച്ചിനും 2024 ജനുവരിക്കും ഇടയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 2.1 ദശലക്ഷം കുട്ടികളെയാണ് ഗുരുതരമായ പോഷകാഹാരക്കുറവ് ബാധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുകയും ജോലികള്‍ കുറയുകയും വിപണികളിലേക്കുള്ള പ്രവേശനം പരിമിതമാവുകയും ചെയ്ത ശൈത്യകാലത്താണ് ഗുണനിലവാരത്തിലും അളവിലും ഭക്ഷണക്രമം കൂടുതല്‍ മോശമായത്.
പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുള്ള നിരവധി സ്ത്രീകള്‍ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വയറിളക്കം, ശ്വാസകോശ അണുബാധ, മലേറിയ തുടങ്ങിയ രോഗങ്ങളാല്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. ശൈത്യകാലങ്ങളില്‍ ഇത് കൂടുതല്‍ വഷളാകും.
2022ലെ കനത്ത മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കം കടുത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. പല സമൂഹങ്ങള്‍ക്കും ഇപ്പോഴും സുരക്ഷിതമായ കുടിവെള്ളവും ശരിയായ ശുചിത്വവും ലഭ്യമായിട്ടില്ല. കൂടാതെ തടസ്സപ്പെട്ട റോഡുകളും മോശം അടിസ്ഥാന സൗകര്യങ്ങളും കാരണം ആരോഗ്യ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയിലുമാണ്. പരിമിതമായ ധനസഹായം അവശ്യ പോഷകാഹാര സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, 2025-ല്‍ കാലാവസ്ഥാ ആഘാതങ്ങളും വര്‍ധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവിന്റെ തോത് കൂടുതല്‍ ഉയര്‍ത്തുമെന്ന് എഫ് എ ഒ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.