തിരുവനന്തപുരം: ജാതി തീവ്രതയില്‍ കണ്ണുകാണാതായ സമൂഹം കല്ലെറിഞ്ഞോടിച്ച മലയാള സിനിമയിലെ ആദ്യ നായികയുടെ ജീവിതകഥ ഇപ്പോഴും ഇരുട്ടില്‍. പി കെ റോസി എന്ന ദലിത് യുവതിയെ ആദ്യം അവരുടെ ചുറ്റുമുള്ള സമൂഹവും പിന്നീട് അവര്‍ തന്റെ സമൂഹത്തേയും മാറ്റി നിര്‍ത്തിയതോടെ തീര്‍ത്തും പുറത്തുവരാത്ത ചരിത്രമായി അവരുടെ കഥ അവശേഷിച്ചു.
മലയാള സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജെ സി ഡാനിയേല്‍ നിര്‍മിച്ച് സംവിധാനം നിര്‍വഹിച്ച വിഗതകുമാരന്‍ (നഷ്ടപ്പെട്ട കുട്ടി എന്നര്‍ഥം) എന്ന സിനിമയിലെ നായികയെയാണ് പി കെ റോസി അവതരിപ്പിച്ചത്.
ജാതി തീവ്രമായിരുന്ന അക്കാലത്ത് വലിയ സ്വപ്‌നങ്ങള്‍ കണ്ടു എന്നതു മാത്രമായിരുന്നു റോസി ദലിത് യുവതിയായ റോസി ചെയ്ത കുറ്റം. 1920കളിലാണ് പി കെ റോസി മലയാള സിനിമയിലെ ആദ്യ നായികയായി രംഗത്തെത്തിയത്. താഴ്ന്ന ജാതിക്കാരിയായ റോസി വിഗതകുമാരനില്‍ ഉയര്‍ന്ന ജാതിക്കാരിയെ അവതരിപ്പിച്ചതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്.
വിഗതകുമാരനില്‍ റോസി ചെയ്ത വേഷത്തിന് നിലവില്‍ തെളിവുകളൊന്നുമില്ല. ചിത്രത്തിന്റെ റീല്‍ നശിപ്പിക്കപ്പെട്ടു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും എല്ലാവരും മരിക്കുകയും ചെയ്തു.
1930 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പ്രസിദ്ധീകരിച്ച ഏതാനും ചിത്രങ്ങള്‍ മാത്രമാണ് വിഗതകുമാരന്റേതായി അവശേഷിക്കുന്നുള്ളു. പ്രാദേശിക പത്രങ്ങള്‍ റോസിയുടേതെന്ന പേരില്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് റോസിയുടേതാണോ എന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടുമില്ല.
റോസിയുടെ 120-ാം ജന്മദിനം ആഘോഷിച്ച 2023 ഫെബ്രുവരിയില്‍ പി കെ റോസിക്ക് ആദരവുമായി ഗൂഗ്ള്‍ ഡൂഡ്ല്‍ ചെയ്തിരുന്നു. അതില്‍ ഉപയോഗിച്ചതും റോസിയുടേതാണെന്ന് കരുതുന്ന ഫോട്ടോയ്ക്ക് തുല്യമായ ചിത്രമാണ്. എന്നാല്‍ റോസിയുടെ അനന്തരവനും അവരുടെ ജീവിതത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചിലരേയും ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത് ചിത്രത്തിലുള്ള റോസിയാണോ യഥാര്‍ഥത്തിലുള്ള റോസിയെന്ന് അവര്‍ക്ക് ഉറപ്പില്ലെന്നാണ്.
1900ത്തിന്റെ തുടക്കത്തില്‍ പഴയ തിരുവിതാംകൂര്‍ രാജ്യത്തിലാണ് രാജമ്മ എന്ന പേരില്‍ പി കെ റോസി ജനിച്ചത്. ഇന്ത്യയിലെ കടുത്ത ജാതി ശ്രേണിയുടെ ഏറ്റവും താഴെത്തട്ടിലുള്ളതും ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടതുമായ ദലിതരുടെ ഭാഗമായ പുലയ സമുദായത്തില്‍ നിന്നുള്ള പുല്ല് വെട്ടുകാരുടെ കുടുംബത്തിലായിരുന്നു റോസിയുടെ ജനനം.
'പുലയ സമുദായത്തില്‍ നിന്നുള്ള ആളുകളെ അടിമകളായി കണക്കാക്കുകയും ഭൂമി ഉപയോഗിച്ച് ലേലം ചെയ്യുകയും ചെയ്ത' കാലഘട്ടമാണ് അതെന്ന് കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസര്‍ മാളവിക ബിന്നി പറയുന്നു.
പുലയരെ 'അവരെ 'ഏറ്റവും താഴ്ന്നവരായി' കണക്കാക്കുകയും ചാട്ടവാറിനടിക്കുകയും ബലാത്സംഗം ചെയ്യുകയും മരങ്ങളില്‍ കെട്ടിയിടുകയും അതിക്രമങ്ങള്‍ക്ക് തീ കൊളുത്തുകയുമൊക്കെ ചെയ്തിരുന്ന കാലമായിരുന്നു അതെന്നും മാളവിക ബിന്നി വിശദമാക്കുന്നു.
ഈ സാമൂഹിക സാമൂഹിക വെല്ലുവിളികള്‍ക്കിടയിലും വ്യത്യസ്തമായി സ്വപ്‌നം കാണുകയായിരുന്നു റോസി.
കാക്കാരിശ്ശി നാടക കലാകാരനായ അമ്മാവന്റെ ചുവടുപിടിച്ച് അവരുടെ നാടകങ്ങളില്‍ റോസി അഭിനയിച്ചിരുന്നു.
റോസിയുടെ ജീവിതത്തെക്കുറിച്ച് ലഭ്യമായ വസ്തുതകള്‍ വളരെ കുറവാണെങ്കിലും കാക്കാരിശ്ശി നാടകങ്ങളിലെ അഭിനയത്തിലൂടെ അവരെ ആളുകള്‍ക്ക് അറിയാമായിരുന്നുവെന്ന് റോസിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'ദി ലോസ്റ്റ് ഹീറോയിന്‍' എന്ന നോവലിന്റെ രചയിതാവ് വിനു എബ്രഹാം പറയുന്നു. റോസിയുടെ അഭിനയിക്കാനുള്ള കഴിവുകള്‍ അവരുടെ ജാതിക്കാര്‍ക്കിടയില്‍ പ്രശംസ നേടിയിരുന്നുവെങ്കിലും പൊതുരംഗത്തോ മലയാള നാടകങ്ങളിലോ അക്കാലത്ത് സ്ത്രീകള്‍ ഉണ്ടാവുന്നത് അപൂര്‍വ്വമായിരുന്നു. ദലിത് സ്ത്രീ അത്തരത്തില്‍ വരുന്നത് അതിനേക്കാള്‍ അപൂര്‍വ്വമായിരുന്നു.
താമസിയാതെ അവര്‍ പ്രാദേശിക നാടക സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായി മാറി. അവരുടെ കഴിവ് സംവിധായകന്‍ ജെ സി ഡാനിയേലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അങ്ങനെയായിരുന്നു. തന്റെ സിനിമയിലെ സരോജിനി എന്ന കഥാപാത്രത്തിനു വേണ്ടി ജെ സി ഡാനിയേല്‍ നടിയെ തേടി നടക്കുന്ന കാലമായിരുന്നു അത്.
റോസിയുടെ ജാതിയെ കുറിച്ച് ഡാനിയേലിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവരെ ആ വേഷത്തില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്.
പത്ത് ദിവസത്തെ ചിത്രീകരണത്തിന് റോസിക്ക് ഒരു ദിവസം അഞ്ച് രൂപ വീതമാണ് പ്രതിഫലം നല്‍കിയതെന്നാണ് നോവലിസ്റ്റ് എബ്രഹാം പറയുന്നത്. അക്കാലത്ത് വലിയ തുകയായിരുന്നു അത്.
സിനിമയുടെ ആദ്യ പ്രദര്‍ശന ദിവസം റോസിയെയും കുടുംബത്തെയും സിനിമ കാണാന്‍ അനുവദിച്ചില്ല. ദലിതരാണ് അവരെന്നതായിരുന്നു കാരണമെന്ന് റോസിയുടെ അനന്തരവന്‍ ബിജു ഗോവിന്ദന്‍ പറയുന്നു.
സിനിമ പുറത്തിറങ്ങിയതോടെയാണ് റോസിയുടെ ജീവിതവും മാറിമറിഞ്ഞത്. താഴ്ന്ന ജാതിക്കാരിയായ റോസി ഉയര്‍ന്ന ജാതിക്കാരിയായി അഭിനയിച്ചതാണ് ജാതി തീവ്രവാദികളെ പ്രകോപിപ്പിച്ചത്. മാത്രമല്ല സിനിമയില്‍ ഒരു രംഗത്ത് അവളുടെ മുടിയില്‍ നിന്ന് ഒരു പുഷ്പമെടുത്ത് നായകന്‍ ചുംബിക്കുന്നതും അവരെ പ്രകോപിതരാക്കിയെന്ന് എബ്രഹാം പറയുന്നു. കാണികളായെത്തിയവര്‍ സ്‌ക്രീനിലേക്ക് കല്ലെറിയുകയും ജെ സി ഡാനിയേലിനെ ഓടിക്കുകയും ചെയ്തു.
തിയേറ്ററിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളെ കുറിച്ച് വ്യത്യസ്ത വിവരണങ്ങളുണ്ടെങ്കിലും ജെ സി ഡാനിയേലിനും റോസിക്കും അതുണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതായിരുന്നില്ല.
സ്റ്റുഡിയോ സ്ഥാപിക്കുന്നതിനും സിനിമ നിര്‍മ്മിക്കുന്നതിനും ഡാനിയേല്‍ വലിയ തുക ചെലവഴിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വലിയ കടബാധ്യതയിലായിരുന്നു. വലിയ സാമൂഹിക, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ നേരിട്ടാണ് ജെ സി ഡാനിയേല്‍ മലയാളത്തിലെ ആ്ദ്യ സിനിമ പുറത്തിറക്കിയത്. ഇപ്പോഴദ്ദേഹം മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നതെങ്കിലും വിഗതകുമാരന് ശേഷം അദ്ദേഹത്തിന് മറ്റൊരു സിനിമ നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല.
വിഗതകുമാരന്‍ കണ്ട് കോപാകുലരായ ജനക്കൂട്ടം ട വീട് കത്തിച്ചതിനെത്തുടര്‍ന്നാണ് റോസി സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്തത്. പിന്നീട് തന്നെ തിരിച്ചറിയാതിരിക്കാനാവണം അവര്‍ തന്റെ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തു. തന്റെ ഭൂതകാലത്തെക്കുറിച്ച് അവര്‍ ഒരിക്കലും പരസ്യമായി സംസാരിച്ചില്ല. ജാതിഭയം അവരെ എല്ലാറ്റില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. നാടുവിട്ടോടിയ റോസി ഒരു ലോറിയിലാണ് രക്ഷപ്പെട്ടതെന്നും ലോറി ഡ്രൈവറായ ഉയര്‍ന്ന ജാതിക്കാരന്‍ കേശവന്‍ പിള്ളയെ വിവാഹം കഴിച്ച് രാജമ്മാള്‍ എന്ന പേര് സ്വീകരിച്ച് നാഗര്‍കോവിലില്‍ ജീവിക്കുകയും ചെയ്തു. നാഗര്‍കോവിലിലെ ശിഷ്ടജീവിതകാലത്തെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ദലിത് നടി പി കെ റോസി അവരുടെ അമ്മയാണെന്ന് അംഗീകരിക്കാന്‍ അവരുടെ മക്കള്‍ വിസമ്മതിച്ചുവെന്ന് റോസിയുടെ അനന്തരവന്‍ ഗോവിന്ദന്‍ പറയുന്നു. അവരുടെ കുട്ടികള്‍ ഉയര്‍ന്ന ജാതിക്കാരായ കേശവന്‍ പിള്ളയുടെ സ്വത്വത്തെയാണ് പരിഗണിച്ചതെന്നും അദ്ദേഹം പറയുന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പി കെ റോസിയുടെ ദലിത് സ്വത്വത്തിന്റെ ഭാഗമാണ് തങ്ങളും അവരുടെ കുടുംബവുമെന്നും അദ്ദേഹം പറഞ്ഞു.
റോസി പിന്നീട് ജീവിച്ച സ്ഥലത്തെ ജാതി അവരുടെ ദലിത് പൈതൃകം സ്വീകരിക്കുന്നതില്‍ നിന്ന് അവരെ തടയുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും തങ്ങളുടെ കുടുംബത്തിന് അതില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
2013-ല്‍, തമിഴ്നാട്ടിലെവിടെയോ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന റോസിയുടെ മകള്‍ പത്മയെ ഒരു മലയാളം ടിവി ചാനല്‍ കണ്ടെത്തിയിരുന്നു. വിവാഹത്തിന് മുമ്പുള്ള അമ്മയുടെ ജീവിതത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നുവെന്നും എന്നാല്‍ വിവാഹശേഷം അവര്‍ അഭിനയിച്ചില്ലെന്നും അവര്‍ പറഞ്ഞു.
റോസിയുടെ മക്കളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ബിബിസി ശ്രമം നടത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാനായില്ല.