ന്യൂഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ സി സി) സംഘടിപ്പിക്കുന്ന ഒരു ടൂര്‍ണമെന്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കേണ്ടെന്ന മാധ്യമ വാര്‍ത്ത തള്ളി ബി സി സി ഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ടൂര്‍ണമെന്റുകളുടെ കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബി സി സി ഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയോടെയാണ് ഏഷ്യ കപ്പിലും വനിതാ താരങ്ങളുടെ എമര്‍ജിങ് ഏഷ്യ കപ്പിലും ഇന്ത്യ പങ്കെടുക്കേണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും സൈക്കിയ പറഞ്ഞു. നിലവില്‍ ഐ പി എല്ലില്ലും ഇംഗ്ലണ്ട് പര്യടനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുടെ കാര്യത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും തീരുമാനമെടുക്കുമ്പോള്‍ ബി സി സി ഐ അറിയിക്കുമെന്നും ദേവജിത് സൈക്കിയ പറഞ്ഞു.