ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്കു മേല്‍ തീരുവ ചുമത്തിയതിനെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ അപ്രതീക്ഷിത പ്രസ്താവന ശ്രദ്ധേയമായി.
താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് നല്‍കുന്ന ന്യായീകരണം പൂര്‍ണമായും വ്യാജവും ന്യായീകരിക്കാന്‍ സാധിക്കാത്തതും തെറ്റുമാണെന്ന് ട്രൂഡോ ഒട്ടാവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാനഡയുടെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകരാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അതുവഴി കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള പ്രക്രിയ എളുപ്പമാക്കുമെന്നും ട്രൂഡോ വിശദമാക്കി.
ഡിസംബര്‍ തുടക്കത്തില്‍ ട്രൂഡോയെ ഗവര്‍ണറെന്നും കാനഡയെ 51-ാമത്തെ സംസ്ഥാനമെന്നും പരാമര്‍ശിച്ചപ്പോള്‍ ട്രംപ് തമാശ പറയുകയാണെന്ന് കരുതിയ കാനഡ പ്രധാനമന്ത്രി ഏറ്റവും അടുത്ത സഖ്യകക്ഷിയും അയല്‍ക്കാരനും തങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ള തന്ത്രം നടപ്പിലാക്കുകയെന്ന് പരസ്യമായി പ്രസ്താവിക്കുന്നതിലേക്ക് മാറി.
ഫെബ്രുവരി 3-ന് ട്രംപും ട്രൂഡോയും രാവിലെയും വൈകിട്ടുമായി രണ്ടു തവണ ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. കാനഡയ്ക്ക് മേല്‍ തീരുവ ചുമത്തുന്നതിന് പുറമേ മറ്റു നിര്‍ണായക വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.
ഫോണ്‍ കോളുകളില്‍ ട്രംപ് കാനഡയുമായുളള വ്യാപാര ബന്ധത്തെ കുറിച്ചുളള തന്റെ ഏറെക്കുറെ എല്ലാ ആശങ്കകളും പങ്കുവെച്ചു. കാനഡയുടെ ക്ഷീര മേഖലാ സംരക്ഷണം, അമേരിക്കന്‍ ബാങ്കുകള്‍ക്ക് കാനഡയില്‍ പ്രവര്‍ത്തിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, കാനഡയിലെ നികുതി വ്യവസ്ഥ തുടങ്ങി വ്യത്യസ്ത കാര്യങ്ങള്‍ ട്രംപിനെ പ്രകോപിപ്പിച്ച പ്രധാന വിഷയങ്ങളായിരുന്നു.
ഇരുനേതാക്കളും നടത്തിയ സംഭാഷണങ്ങളുടേയും തുടര്‍ന്ന് യു എസിലേയും കാനഡയിലേയും ഉദ്യോഗസ്ഥര്‍ നടത്തിയ ഉന്നത ചര്‍ച്ചകളുടേയും വിശദാംശങ്ങള്‍ മുമ്പ് പൂര്‍ണമായി പുറത്തുവന്നിരുന്നില്ല. ഈ കാര്യങ്ങള്‍ അറിയാവുന്ന ചില ഉദ്യോഗസ്ഥരാണ് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ന്യൂയോര്‍ക്ക് ടൈംസിന് വിവരങ്ങള്‍ കൈമാറിയത്.
ട്രംപ് എടുത്തുപറഞ്ഞതിലൊന്ന് അതീവ ഗൗരവമുള്ള കാര്യമായിരുന്നു. 'അമേരിക്ക- കാനഡ അതിര്‍ത്തി നിര്‍ണ്ണയിച്ച 1908-ലെ അന്താരാഷ്ട്ര ഉടമ്പടി അസാധുവാണ്' എന്ന് അവകാശപ്പെട്ട ട്രംപ് അതില്‍ പരിഷ്‌ക്കരണം വേണമെന്നും നിലപാടെടുത്തു. എന്നാല്‍ ആരോപണത്തിന് മറ്റു വിശദീകരണങ്ങളൊന്നും ട്രംപ് നല്‍കിയതുമില്ല.
1908-ല്‍ ഉടമ്പടിയിലൂടെയാണ് ബ്രിട്ടീഷ് അധിനിവേശ പ്രദേശങ്ങളായ കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം തീര്‍പ്പാക്കിയത്. ഇപ്പോള്‍ ട്രംപ് അതിനെ ചോദ്യം ചെയ്യുന്നത് കാനഡ അധികൃതര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ജനുവരി 7-ന്, തന്റെ അധികാരപ്രമാണം ഏറ്റെടുക്കുന്നതിനു മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് കാനഡയെ ഭൗമപരമായി കീഴടക്കാനുളള ആലോചനയിലാണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സൈനിക ശക്തിയല്ല സാമ്പത്തിക ശക്തിയാണ് താന്‍ ഉപയോഗിക്കുകയെന്ന മറുപടിയാണ് നല്‍കിയത്.
ഫെബ്രുവരി 3-ന് നടന്ന രണ്ടാം ഫോണ്‍ കോളില്‍ ട്രൂഡോയ്ക്ക് ഒരു മാസം തീരുവ മാറ്റിവെക്കാന്‍ സാധിച്ചു. പക്ഷേ ഈ ആഴ്ച, അമേരിക്ക കാനഡയ്ക്കു മേല്‍ തീരുവ ഏര്‍പ്പെടുത്തുകയും മറുപടിയായി കാനഡയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു മേല്‍ തീരുവ ചുമത്തുകയും ചെയ്തു. ഇതോടെ ഇരു രാജ്യങ്ങളും വ്യാപാര യുദ്ധത്തിലേക്ക് പ്രവേശിച്ചു.
ട്രംപിന്റെ കാനഡ നയത്തിന്റെ തീവ്രതയേയും അതിന്റെ ദൗര്‍ഭാഗ്യകരമായ ഫലങ്ങളേയും കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്തുവന്നിരുന്നു.
ട്രംപ് കാനഡയെ ഇന്റലിജന്‍സ് പങ്കുവെയ്ക്കുന്ന ഫൈവ് ഐസ് സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഗ്രേറ്റ് ലേക്സ് ഉള്‍പ്പെടെയുള്ള ജലവിഭവങ്ങള്‍ പങ്കിടുന്ന കരാറുകള്‍ പുനഃപരിശോധിക്കാനും ട്രംപ് ആഗ്രഹിക്കുന്നുണ്ട്. അതോടൊപ്പം അമേരിക്ക- കാനഡ സൈനിക സഹകരണ പദ്ധതികളില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളുമുണ്ട്.
കാനഡയിലെ അധികാര കേന്ദ്രങ്ങള്‍ ട്രംപിന്റെ നീക്കങ്ങളെ ശക്തമായ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. അതിനിടെ, അമേരിക്കന്‍ ആഭ്യന്തര കാര്യങ്ങളെ നിയന്ത്രിക്കുന്ന മാര്‍ക്കോ റൂബിയോ ഈ ഭീഷണികളെ കുറച്ച് തണുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കാനഡയിലെ രാഷ്ട്രീയക്കാരും കനേഡിയന്‍ സമൂഹം മൊത്തത്തിലും ട്രംപിന്റെ പ്രസ്താവനകളില്‍ നിരാശരും ആശങ്കാകുലരുമാണ്. ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളെ ഉദ്യോഗസ്ഥര്‍ നിസ്സാരമായി കാണുന്നില്ല.
