ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരെ വകവരുത്തുമെന്ന് ഊമക്കത്ത്


കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി വന്ന ഊമക്കത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  താരമശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് സ്‌കൂളിലെ പ്രധാന അധ്യാപകന് തപാല്‍ വഴിയാണ് ഊമക്കത്ത് ലഭിച്ചത്.

പരീക്ഷ കഴിയും മുമ്പ് തന്നെ വിദ്യാര്‍ഥികളെ അപായപ്പെടുത്തുമെന്നാണ് കത്തിലുണ്ടായിരുന്നത്. സാധാരണ തപാലില്‍ വിലാസം രേഖപ്പെടുത്താതെയായിരുന്നു കത്ത് സ്‌കൂളില്‍ ലഭിച്ചത്. കത്ത് ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ കൈമാറുകയായിരുന്നു.

വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്‍പാണ് കത്ത് അയച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റോഫീസ് സീല്‍ കണ്ടെത്തി അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഫെബ്രുവരി 28നാണ് താമരശ്ശേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ജീവന്‍ നഷ്ടമായത്. ട്യൂഷന്‍ സെന്ററിലെ സെന്റ് ഓഫിനിടെയുണ്ടായ പ്രശ്‌നങ്ങളാണ് കുട്ടികളില്‍ വൈരാഗ്യത്തിന് കാരണമായത്. അക്രമണത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.