ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി കാത്തിരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തിയ്യതി നാസ സ്ഥിരീകരിച്ചു. ഒന്‍പത് മാസ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലേറി മാര്‍ച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും.
2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ന്യൂമെക്‌സികോയിലെ വൈറ്റ് സാന്‍ഡ് സ്‌പേസ് ഹാര്‍ബറില്‍ സെപ്റ്റംബര്‍ 6ന് തിരികെയെത്തിയത് ലോകമൊട്ടാകെയുള്ളവരില്‍ ആശങ്ക അവശേഷിപ്പിച്ചായിരുന്നു.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐ എസ് എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐ എസ് എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.