വിശാഖപട്ടണം: ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ആന്ധ്രയില്‍ ജനസംഖ്യ കുറയുന്നത് പരിഹരിക്കാന്‍ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ച് ടി ഡി പി പാര്‍ലമെന്റ് അംഗം. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നാണ് വിജയനഗര്‍ എം പി കാളിസെട്ടി അപ്പല നായിഡുവിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിജയനഗര്‍ രാജീവ് സ്‌പോര്‍ട്‌സ് സമുച്ചയത്തില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു എം പിയുടെ പ്രഖ്യാപനം.
പ്രസവിക്കുന്നത് ഒരു ആണ്‍കുഞ്ഞിനെയാണെങ്കില്‍ അമ്മയ്ക്ക് പണത്തോടൊപ്പം ഒരു പശുവിനേയും പാരിതോഷികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ശമ്പളത്തില്‍ നിന്നാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നാണ് എം പി പറയുന്നത്.
അപ്പലയുടെ വാഗ്ദാനത്തെ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അഭിനന്ദിച്ചു. ടി ഡി പി നേതാക്കളും പ്രവര്‍ത്തകരും ഈ വാഗ്ദാനം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹി സന്ദര്‍ശിച്ച ചന്ദ്രബാബു നായിഡു ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.