വാഷിങ്ടണ്‍: നാറ്റോ സഖ്യത്തില്‍ നിന്ന് യു എസ് ഒഴിവാകണമെന്ന് എലോണ്‍ മസ്‌ക്. യു എസ് ഇപ്പോള്‍ തന്നെ നാറ്റോയില്‍ നിന്നു പുറത്തു കടക്കണമെന്ന് എക്‌സില്‍ പ്രചരിച്ച പോസ്റ്റിന് മറുപടിയായിട്ടാണ് നമ്മള്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം എന്ന പ്രതികരണവുമായി ഡോജ് തലവനും ശതകോടീശ്വരനുമായ മസ്‌ക് എത്തിയത്.
യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും മസ്‌ക് വ്യക്തമാക്കി. 32 അംഗ നാറ്റോ സഖ്യം ഏപ്രിലില്‍ 76-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങവെയാണ് മസ്‌കിന്റെ പരാമര്‍ശം.
എന്നാല്‍ മസ്‌കിന്റെ പല നീക്കങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും ഗതാഗത സെക്രട്ടറി ഷോണ്‍ ഡാഫിയും മസ്‌കിന്റെ തീരുമാനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുണ്ട്.
ഗുണദോഷങ്ങള്‍ കണക്കിലെടുക്കാതെയാണ് മസ്‌ക് ജീവനക്കാരെ പിരിച്ചു വിട്ടത് എന്ന ആരോപണം ഇരുവരും ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം മസ്‌കിന്റെ ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ മാര്‍ഗനിര്‍ദേശത്തിന്റെ മാനുഷികവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ജനപക്ഷ വാദികളും കോടീശ്വരന്മാരും തമ്മിലുള്ള പോരാട്ടമെന്നാണ് ഒന്നാം ട്രംപ് കാലത്തെ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന സ്റ്റീവ് ബാനണ്‍ വിശേഷിപ്പിച്ചത്.