ഗാസ: ഹമാസ് നേതാക്കളും യു എസ് ബന്ദികാര്യ പ്രതിനിധി ആദം ബോഹ്‌ലറും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായി ഹമാസ് മേധാവിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് താഹെര്‍ അല്‍-നോനോയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ നടന്നതായും യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഒരു അമേരിക്കന്‍- ഇസ്രായേല്‍ ഇരട്ട പൗരന്റെ മോചനത്തെ കേന്ദ്രീകരിച്ചായിരുന്നുവെന്നും നോനോ പറഞ്ഞു.
ഇരട്ട ദേശീയത തടവുകാരില്‍ ഒരാളെ മോചിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ദോഹയില്‍ നിരവധി കൂടിക്കാഴ്ചകള്‍ ഇതിനകം നടന്നതായും പാലസ്തീന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ തങ്ങള്‍ പോസിറ്റീവായും വഴക്കത്തോടെയും ഇടപെട്ടിട്ടുണ്ടെന്നും നോനോ പറഞ്ഞു.
ഇസ്രായേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഘട്ടം ഘട്ടമായുള്ള കരാര്‍ എങ്ങനെ നടപ്പാക്കാമെന്ന് ഇരുപക്ഷവും ചര്‍ച്ച ചെയ്തു.
ചര്‍ച്ചകളുടെ ചട്ടക്കൂടിനുള്ളില്‍ തടവുകാരനെ മോചിപ്പിക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തെ അറിയിച്ചതായി നോനോ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഗാസയില്‍ ഹമാസ് തടവിലാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ ബന്ദിയെന്ന് കരുതപ്പെടുന്ന ന്യൂജേഴ്സിയില്‍ നിന്നുള്ള 21കാരനായ എഡാന്‍ അലക്സാണ്ടറിനെ മോചിപ്പിക്കുക എന്നത് അമേരിക്കയുടെ 'പ്രധാന പരിഗണന'യാണെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തോടൊപ്പമാണ് സൈനികനായി അലക്സാണ്ടര്‍ സേവനമനുഷ്ഠിച്ചു.
യു എസ് ബന്ദി പ്രതിനിധി ബോഹ്ലറും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ യു എസ് തീവ്രവാദ സംഘടനകളായി മുദ്രകുത്തുന്ന ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നത് വിലക്കുന്ന വാഷിംഗ്ടണിന്റെ ദശാബ്ദക്കാലത്തെ നയതന്ത്ര രീതിയാണ് ലംഘിച്ചത്.
ഗാസയിലെ പോരാട്ടം നിര്‍ത്തിവച്ച ജനുവരി 19ലെ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതില്‍ വിറ്റ്‌കോഫ് വഹിച്ച പ്രധാന പങ്ക് എന്ന് നോനോ പ്രശംസിച്ചു.
രണ്ടാം ഘട്ട ചര്‍ച്ചയില്‍ വിജയിക്കാന്‍ വിറ്റ്‌കോഫ് പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹമാസിനെതിരെ ഇസ്രായേലിനെ പിന്തുണച്ചതിന് നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു.