കനേഡിയന്‍ മദ്യം, മോട്ടോര്‍സൈക്കിള്‍, പാലുത്പന്നങ്ങള്‍ക്ക് ട്രംപിന്റെ ഇറക്കുമതി നിരോധനം

കനേഡിയന്‍ മദ്യം, മോട്ടോര്‍സൈക്കിള്‍, പാലുത്പന്നങ്ങള്‍ക്ക് ട്രംപിന്റെ ഇറക്കുമതി നിരോധനം


വാഷിംഗ്ടണ്‍: കാനഡയുമായുള്ള വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കെതിരെ പുതിയ നടപടികള്‍ പ്രഖ്യാപിച്ചു. മദ്യപാനീയങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍, പാലുത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കനേഡിയന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനാണ് തീരുമാനം.

കാനഡ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവ പ്രാബല്യത്തില്‍ വരുത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടി. ഇറക്കുമതി നിരോധനം സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രധാന സംഭരണ സംവിധാനത്തിലൂടെ കനേഡിയന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഫെഡറല്‍ ഏജന്‍സികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ഉത്തരവിട്ടു. അമേരിക്കന്‍ കമ്പനികള്‍ക്കും കര്‍ഷകര്‍ക്കും തുല്യമായ വിപണി പ്രവേശനം കാനഡ അനുവദിക്കുന്നതുവരെ ഈ നടപടി തുടരുമെന്നാണ് അറിയിച്ചത്.

ഇതിന്റെ ഭാഗമായി ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷനും (ജി എസ് എ) യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിനും (യു എസ് ടി ആര്‍) ഫെഡറല്‍ സംഭരണ മാര്‍ഗങ്ങളില്‍ നിന്ന് കനേഡിയന്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ കാനഡ അന്യായമായ വ്യാപാരനയങ്ങളാണ് പിന്തുടരുന്നതെന്ന് ട്രംപ് ആരോപിച്ചു. കാനഡയിലെ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകള്‍ അമേരിക്കന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് പൊതുമേഖലാ വിപണിയിലേക്ക് പ്രവേശനം നല്‍കുന്നില്ലെന്നും അതേസമയം കനേഡിയന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ കരാറുകളില്‍ വ്യാപകമായ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കന്‍ ക്ഷീരകര്‍ഷകര്‍ക്ക് കനേഡിയന്‍ വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം നല്‍കുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചു. അമേരിക്കന്‍ കര്‍ഷകര്‍ക്കും കമ്പനികള്‍ക്കും പൂര്‍ണവും നീതിയുക്തവുമായ പരസ്പര വിപണി പ്രവേശനം കാനഡ പുനഃസ്ഥാപിക്കുന്നതുവരെ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ സംഭരണ പട്ടികയില്‍ പ്രവേശനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയന്‍ ഉത്പന്നങ്ങള്‍ ജി എസ് എയുടെ മള്‍ട്ടിപ്പിള്‍ അവാര്‍ഡ് ഷെഡ്യൂളുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജി എസ് എയ്ക്കും യു എസ് ടി ആറിനും നിര്‍ദേശം നല്‍കിയതായി ട്രംപ് അറിയിച്ചു. പ്രതിവര്‍ഷം 5000 കോടി ഡോളറിലധികം മൂല്യമുള്ള സര്‍ക്കാര്‍ സംഭരണ ഇടപാടുകളാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കെതിരെ കാനഡ പ്രഖ്യാപിച്ച പ്രതികാര തീരുവ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നത്.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സര്‍ക്കാരാണ് അമേരിക്കക്കെതിരെ സാമ്പത്തിക നടപടികള്‍ ശക്തമാക്കിയത്. ഇതോടെ ഏകദേശം 18 മാസമായി തുടരുന്ന ഇരുരാജ്യങ്ങളുടേയും വ്യാപാര തര്‍ക്കം കൂടുതല്‍ ശക്തമായി. 

ഏകദേശം 2000 കോടി ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് ഏകദേശം 2000 കോടി യു എസ് ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കാനഡ 15 മുതല്‍ 50 ശതമാനം വരെ പ്രതികാര തീരുവ ഏര്‍പ്പെടുത്തിയത്.