കുഞ്ഞ് സാര്‍ എന്ന മാത്യു തോമസ്

കുഞ്ഞ് സാര്‍ എന്ന മാത്യു തോമസ്

നീലൂര്‍: നീലൂര്‍ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്ന കുഞ്ഞ് സാര്‍ എന്ന നീലൂര്‍ പുതിയിടത്ത് മാത്യു തോമസ് (82) നിര്യാതനായി. കുഞ്ഞ് സാര്‍ കണക്കു പഠിപ്പിച്ചാല്‍ പരീക്ഷകളില്‍ കണക്കിനു നല്ല മാര്‍ക്ക് ലഭിക്കുമെന്നും കണക്ക് ഇഷ്ടമില്ലാത്ത കുട്ടികളും കുഞ്ഞ് സാറിന്റെ ശിക്ഷണത്തില്‍ കണക്കിനെ ഇഷ്ടപ്പെടുമെന്നുമാണ് പറയുക. മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കണക്ക് പഠിപ്പിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം നീലൂരില്‍ ട്യൂഷന്‍ ആരംഭിച്ചിരുന്നു. മൂന്ന് തലമുറയില്‍ പെട്ടവര്‍ക്കാണ് അദ്ദേഹം താളാത്മകമായി കണക്കിന്റെ സൂത്രവാക്യം പകര്‍ന്നു നല്‍കിയത്. നീലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലായുടെ പ്രഥമ ബിഷപ്പ് ആയിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ സഹോദരീ പുത്രന്‍ കുറുമണ്ണ് മൂലയില്‍ തോട്ടത്തില്‍ ഔസേപ്പച്ചന്റെ മകള്‍ പൊന്നമ്മയാണ് ഭാര്യ. മക്കള്‍: മായ, പ്രിയ, ആമിന (അധ്യാപിക, സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലാ). മരുമക്കള്‍: മാത്തുക്കുട്ടി മണ്ണൂര്‍ (മുത്തോലി), ജെയ്‌സണ്‍ കറുകപ്പള്ളില്‍ (മേലമ്പാറ), ജീഷ് പന്തപ്ലാക്കല്‍ (അയര്‍ക്കുന്നം). കുഞ്ഞ് സാറിന്റെ സംസ്‌കാരം 14ന് ബുധനാഴ്ച മൂന്നു മണിക്ക് നീലൂരിലെ തറവാട് ഭവനത്തില്‍ ആരംഭിച്ച് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ നടത്തും. കുഞ്ഞ് സാറിന്റെ നിര്യാണത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം പിമാരായ ജോസ് കെ മാണി, കെ ഫ്രാന്‍സിസ് ജോര്‍ജ്, എം എല്‍ എമാരായ മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, ബിഷപ്പ് ജേക്കബ് മുരിക്കന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.