റവ. ഫാ. ജോസ് കണ്ടത്തിക്കുടി അന്തരിച്ചു

റവ. ഫാ. ജോസ് കണ്ടത്തിക്കുടി അന്തരിച്ചു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചക്കു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995ല്‍ അമേരിക്കയില്‍ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇടവകകള്‍ സ്ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീര്‍ഘനാള്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു. 2020ല്‍ റിട്ടയര്‍ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. കണ്ടത്തിക്കുടി ജോണ്‍- ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ് 1962ല്‍ തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെമിനാരിയിലും റോമിലെ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി. 1971ല്‍ വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ ആഗ്‌നെലോ റോസ്സിയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. 1973ല്‍ കേരളത്തില്‍ തിരിച്ചെത്തി. തലശ്ശേരി- മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ച ജോസച്ചന്‍ കല്‍പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, പൊഴമുടി തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ കൂനൂര്‍ ബാര്‍ലിയര്‍, വരുവാന്‍ കാടു എന്നിവിടങ്ങളില്‍ ഇടവകകള്‍ സ്ഥാപിക്കുകയും വികാരിയായി സേവനം ചെയ്യുകയും ചെയ്തു. തലശ്ശേരി- മാനന്തവാടി രൂപതകളിലെ വിവിധ അധ്യാത്മിക മേഖലകളിലും ജോസച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടി സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, മാനന്തവാടി രൂപതയുടെ ചാന്‍സലര്‍, സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍, ഫാമിലി അപ്പസ്‌തോലേറ്റിന്റെ ഡയറക്ടര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, തൂങ്കുഴി പിതാവിന്റെ സെക്രട്ടറി തുടങ്ങി വിവിധ തലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് അമേരിക്കയില്‍ എത്തിയത്. തുടക്കത്തില്‍ ഷിക്കാഗോയിലെ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ജോസച്ചന്‍ തുടര്‍ന്നു ന്യൂ ജേഴ്‌സിയിലെയും ന്യൂ യോര്‍ക്കിലേയും വിവിധ സ്ഥഥലങ്ങളില്‍ താമസിച്ചു സീറോ മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുകയും ഇടവകകള്‍ സ്ഥാപിക്കുകയും ചെയ്തു. 2002 മാര്‍ച്ചില്‍ ന്യൂ യോര്‍ക്കിലെ ബ്രോക്‌സില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സ്ഥാപിക്കുകയും 2020ല്‍ റിട്ടയര്‍ ആകുന്നതുവരെ ബ്രോങ്ക്‌സ് ഇടവകയില്‍ തന്നെ ശുശ്രുഷ ചെയ്തു. ഇതിനിടയില്‍ ന്യൂ യോര്‍ക്കിലും കണക്ടിക്കെട്ടിലും വിവിധ ഇടങ്ങളില്‍ സീറോ മലബാര്‍ ഇടവകയും മിഷനുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍: ഡൊമിനിക്, ഫിലിമിന, പരേതനായ ജോണ്‍. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ നിര്യാണത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജോസച്ചന്റെ സേവനങ്ങളെ ഷിക്കാഗോ രൂപത എന്നും സ്മരിക്കുമെന്നു മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. സംസ്‌കാര ശുശ്രുഷകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.