ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയിലെത്തി. പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിന് കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് ബാവ അമേരിക്കയിലെത്തിയത്.
സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠബാവയെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോ. അയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും വിശ്വാസികളും ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ജെ എഫ് കെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവയ്ക്ക് നല്‍കിയത്.
