തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. ജൂലൈ 23ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
അതേസമയം, ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂലൈ 24ന് പഠിപ്പ് മുടക്കുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
രാഹുൽ ഗാന്ധിക്കെതിരായ കൈയ്യേറ്റം; നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്, വെള്ളിയാഴ്ച എസ്എഫ്ഐ പഠിപ്പ് മുടക്കും
