ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ നടന്നിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം ഇന്ന് അട്ടിമറിക്കപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ നടന്നു. കണക്കുകൂട്ടിയാല്‍ ഏതാണ്ട് എല്ലാ മാസവും ഒരു ചോര്‍ച്ച എന്ന നിലയിലാണ്,' അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ഏഴരക്കോടി വിദ്യാര്‍ഥികളേയും അവരുടെ കുടുംബങ്ങളയുമാണ് ബാധിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യവര്‍ഗ- സാധാരണ കുടുംബങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും ഒടുവില്‍ അവര്‍ വഞ്ചിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും ഗുരുതരമായ കാര്യം, ഇത്രയും ചോര്‍ച്ചകള്‍ നടന്നിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസ സംവിധാനത്തെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ചിലര്‍ തകര്‍ക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നതിനെ രാഹുല്‍ ചോദ്യം ചെയ്തു.
'വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. രാജ്യത്തിന് അവരോട് ഉള്ള കടമ ആവശ്യപ്പെടുകയാണ്. അത്തരക്കാരുടെ നേര്‍ക്കാണ് സുരക്ഷാസേന ആയുധം ചൂണ്ടുന്നത്,' അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മൂന്ന് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, പ്രതിഷേധിച്ച വിദ്യാര്‍ഥികളെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, വിദ്യാര്‍ഥികളോട് കാണിച്ച പെരുമാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തോട് മാപ്പുപറയുക എന്നിവയാണ് ആവശ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ എം പിമാര്‍ കറുത്ത വസ്ത്രവും കറുത്ത കൈപ്പട്ടയും ധരിച്ചാണ് ബുധനാഴ്ച സഭയില്‍ എത്തിയത്. അതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി വലതുകൈയില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
