ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക് സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ പുതിയ വ്യവസ്ഥ മുന്നോട്ടുവച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെ പ്രതികാരപരമോ ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പു നല്‍കിയാല്‍ മാത്രമേ ഉപവാസം അവസാനിപ്പിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയ്ക്കും ജിതേന്ദ്ര സിങ്ങിനും അയച്ച കത്തിലാണ് വാങ്ചുക് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കുകയും തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിന് അദ്ദേഹം മന്ത്രിമാര്‍ക്ക് നന്ദി രേഖപ്പെടുത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തുക, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള ഉത്തരവാദിത്ത നടപടികള്‍ പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുകൂലമായി പരിശോധിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി വാങ്ചുക് കത്തില്‍ പറഞ്ഞു.
മന്ത്രിമാരുടെ സന്ദര്‍ശനത്തിന് ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഏകദേശം 65 എം പിമാര്‍ തന്നെ ബന്ധപ്പെടുകയും നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതായി വാങ്ചുക് പറഞ്ഞു.
തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ രാജ്യസേവനത്തിനായി ചെയ്യാനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചതായും താന്‍ അതിനോട് യോജിക്കുന്നതായും പറഞ്ഞ സോനം വാങ്ചുക് തനിക്ക് ജീവിക്കണമെന്നും വിദ്യാര്‍ഥികളിലേക്കും വിദ്യാഭ്യാസരംഗത്തേക്കും ജീവിതലക്ഷ്യമായ പ്രവര്‍ത്തനങ്ങളിലേക്കും മടങ്ങണമെന്നും കത്തില്‍ കുറിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കെതിരെ പ്രതികാര നിയമ നടപടികളോ കേസുകളോ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തവും സംശയരഹിതവുമായ ഉറപ്പ് നല്‍കണമെന്ന് വാങ്ചുക് ആവശ്യപ്പെട്ടു.
നീതിപൂര്‍വവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സംവിധാനം ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയതാണ് അവരുടെ ഏക 'കുറ്റം' എന്നും അത്തരമൊരു ഉറപ്പ് ലഭിച്ചാല്‍ സര്‍ക്കാര്‍ തന്റെ അഭ്യര്‍ഥന മാത്രമല്ല, ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളും കേട്ടുവെന്ന് വിശ്വസിച്ച് ഉപവാസം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അത്തരം ഉറപ്പ് ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജൂലൈ 20-ന് നടന്ന 'ചലോ സന്‍ദ്' മാര്‍ച്ച് പൊലീസ് അതിക്രമവും അമിത ബലപ്രയോഗവും ഉണ്ടായിട്ടും സമാധാനപരമായിരുന്നുവെന്ന് വാങ്ചുക് പറഞ്ഞു.
ജനാധിപത്യപരമായ പ്രതിഷേധത്തോടുള്ള യുവാക്കളുടെ പ്രതിബദ്ധത രാജ്യവും ലോകവും കണ്ടു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസുകളോ പീഡനങ്ങളോ പ്രതികാര നടപടികളോ ഉണ്ടാകാതെ സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളിലുള്ള അവരുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി, സര്‍ക്കാരിനോട് യോജിക്കുന്നവരോടല്ല, ധൈര്യത്തോടെയും പ്രതീക്ഷയോടെയും സ്വന്തം അഭിപ്രായം തുറന്നുപറയുന്ന യുവാക്കളോട് സര്‍ക്കാര്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്ചുക് കത്ത് അവസാനിപ്പിച്ചത്.
