തെഹ്‌റാനിലെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപ്

തെഹ്‌റാനിലെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയാല്‍ തെഹ്‌റാനിലെ പാലങ്ങളോ വൈദ്യുതിനിലയങ്ങളോ ബോംബിട്ട് തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. തെഹ്‌റാനിലോ തലസ്ഥാനത്തിന് സമീപത്തോ സ്ഥിതി ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളും ആക്രമണലക്ഷ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് ഭീഷണി മുഴക്കിയത്.

'ഇനി മുതല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഏതെങ്കിലും കപ്പലിന് നേരെ ഇറാന്‍ മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍, അതിന് മറുപടിയായി തെഹ്‌റാനിലോ അതിനോട് ചേര്‍ന്നോ സ്ഥിതി ചെയ്യുന്ന ഒരു പാലമോ വൈദ്യുതിനിലയമോ അമേരിക്ക ബോംബിട്ട് നശിപ്പിക്കും,' ട്രംപ് കുറിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി 11-ാം രാത്രിയും ഇറാനിലെ ലക്ഷ്യങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.

ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘര്‍ഷം ജൂണ്‍ 17-ന് അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെട്ടിരുന്ന പ്രാഥമിക ധാരണ തകരാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഇപ്പോഴും തയ്യാറാണെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവര്‍ത്തിച്ചു.

ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ തങ്ങള്‍ ഇപ്പോഴും തയ്യാറാണെന്നും പക്ഷേ നിലവില്‍ ഇറാന്‍ അതിന് ഗൗരവമായി സമീപിക്കുന്നതായി തോന്നുന്നില്ലെന്നും ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ മന്ത്രിതല യോഗത്തില്‍ റൂബിയോ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെ ഇറാന്‍ ആക്രമിക്കുകയും മിസൈല്‍, ഡ്രോണ്‍ ശേഷി പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് അമേരിക്ക സൈനിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ ഗതാഗതപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണവില വീണ്ടും കുതിച്ചുയര്‍ന്നു.

ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 4.4 ശതമാനം ഉയര്‍ന്ന് 95.02 ഡോളറിലെത്തി. ഏകദേശം ആറാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം, അമേരിക്കന്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ക്രൂഡ് എണ്ണയുടെ വില 4.5 ശതമാനം ഉയര്‍ന്ന് ബാരലിന് 88.16 ഡോളറിലെത്തി.

വാണിജ്യക്കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ നിലവില്‍ തടസ്സമില്ലെന്നാണ് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എന്നിരുന്നാലും സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞതും ഇതോടെ ആഗോള എണ്ണവിപണിയില്‍ വിലക്കയറ്റം ശക്തമായതുമാണ് റിപ്പോര്‍ട്ടുകള്‍.