വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷമെന്ന് രാജ്നാഥ് സിങ്

വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷമെന്ന് രാജ്നാഥ് സിങ്


ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെയും യുവജനങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും കൃത്രിമമായ ജനരോഷം സൃഷ്ടിച്ച് പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. എന്നാല്‍ ഇത്തരം ശ്രമങ്ങളില്‍ രാജ്യത്തെ യുവജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ഗൗരവതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ്, ചിലര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളെയും യുവാക്കളെയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എക്സിലെ കുറിപ്പില്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പൂര്‍ണ പ്രതിബദ്ധതയുള്ളതാണെന്നും വിദ്യാര്‍ഥികളുടെ എല്ലാ ആശങ്കകളും കേട്ട് പരിഹരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവജനങ്ങള്‍ ബോധവാന്മാരും പക്വതയുള്ളവരുമാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അവര്‍ തിരിച്ചറിയുമെന്നും വികസനത്തിന്റെയും രാഷ്ട്രനിര്‍മാണത്തിന്റെയും പാതയാണ് അവര്‍ തിരഞ്ഞെടുക്കുകയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാക്കള്‍ സൃഷ്ടിക്കുന്ന 'കൃത്രിമ ജനരോഷം' ജനങ്ങളെയും പ്രത്യേകിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും ആശയക്കുഴപ്പത്തിലാക്കാനുള്ള പരാജയപ്പെട്ട ശ്രമം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാജ്നാഥ് സിങ് ആവര്‍ത്തിച്ചു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന് പകരം തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ പാര്‍ലമെന്റില്‍ മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യില്ലെന്ന നിലപാട് കോണ്‍ഗ്രസ് കടുപ്പിച്ചു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം റൂള്‍ 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ അന്നത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളില്‍ മാത്രമേ റൂള്‍ 267 പ്രകാരമുള്ള ചര്‍ച്ച അനുവദിക്കാനാകൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പ്രതിപക്ഷം ഉന്നയിച്ച ഒരു ചര്‍ച്ചയില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിട്ടില്ലെന്ന് രാജ്യസഭയിലെ സഭാനേതാവ് ജഗത് പ്രകാശ് നദ്ദ പറഞ്ഞു. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും ഇതേ നിലപാട് ആവര്‍ത്തിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ തയ്യാറായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സഭയില്‍ വിശദീകരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ മൂന്നാം ദിവസവും ലോക്‌സഭയും രാജ്യസഭയും പലതവണ തടസ്സപ്പെട്ടു.